Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:00 AM GMT Updated On
date_range 2018-03-14T10:30:00+05:30അധികൃതരുെട ഉറക്കം കെടുത്തി വീണ്ടും ചാലിയാറിലെ മണലെടുപ്പും കൈയേറ്റവും
text_fieldsഎടവണ്ണപ്പാറ: ചാലിയാറിലെ ജല മലിനീകരണം ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിസ്മൃതിയിലായിരുന്ന പുഴയിലെ കൈയേറ്റങ്ങളും അനധികൃത മണലെടുപ്പും വീണ്ടും അധികൃതരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞദിവസം മലിനീകരണം നേരിട്ട് മനസ്സിലാക്കുവാന്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചാലിയാറിലൂടെ നടത്തിയ ബോട്ട് യാത്രയിലാണ് അനധികൃത മണലെടുപ്പിെൻറയും കൈയേറ്റങ്ങളുടെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ടുമുതല്‍ ഒമ്പതുവരെയുള്ള വാര്‍ഡുകളാണ് ചാലിയാരുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങൾ. നിരോധനം നിലവിലുണ്ടങ്കിലും രാത്രികാല മണലെടുപ്പ് നിര്‍ബാധം തുടരുന്ന സ്ഥിതിയാണിപ്പോൾ. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ച ആറുവരെ പുഴയും പുഴയോര പ്രദേശങ്ങളും മണല്‍ മാഫിയയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സംസ്ഥാനപാതയിലൂടെയും പോക്കറ്റ് റോഡുകളിലൂടെയും തലങ്ങും വിലങ്ങും ഓടുന്ന മണല്‍ ലോറികള്‍ രാത്രി കാലങ്ങളിലെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇടക്കിടെ ഏതെങ്കിലും ദിശയിലേക്ക് പൊലീസ് പട്രോളിങ് വാഹനം നീങ്ങുമ്പോള്‍ എതിര്‍ദിശയിലെ റോഡുകളിലൂടെ മണല്‍ കയറ്റിയ വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നുണ്ടാകും. മണലെടുപ്പ് വേളയില്‍ വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ അംഗീകൃത കടവുകളുടെ എണ്ണം 12 ആയിരുന്നു. എന്നാല്‍, മണലെടുപ്പ് നിരോധനം വന്നതോടെ അംഗീകൃത കടവുകളെന്നോ അനധികൃത കടവുകളെന്നോ വ്യത്യാസമില്ലാതെ രാത്രി കാല മണല്‍ വാരല്‍ സജീവമാകുകയാണുണ്ടായത്. വാഴക്കാട് പൊലീസ് മപ്രം, കോലോത്തും കടവ്, എളമരം, ഇരട്ടമുഴി, വെട്ടുപാറ, ചെറുവാടി കടവ് തുടങ്ങിയ കടവുകളില്‍ മണല്‍ ലോറി കയറാതിരിക്കാന്‍ മുന്‍ കരുതല്‍ എന്ന നിലക്ക് കിടങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നിട്ടും ഊടുവഴികളിലൂടെ മറ്റ് കേന്ദ്രങ്ങള്‍ മണ്ണലെടുപ്പിന് സജ്ജീകരിച്ച് മണല്‍ മാഫിയയും സജീവമായി രംഗത്തുണ്ട്. പുഴയോരത്തെ തഴച്ചുവളര്‍ന്ന മരങ്ങളുടെ മറവിലായി പലയിടങ്ങളിലും മണല്‍ കൂനകൾ കൂട്ടിയിട്ടത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനിടെ വാഴക്കാട് പൊലീസ് പിടികൂടിയ മണല്‍ കലവറയിലേക്ക് മാറ്റി.
Next Story