Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:38 AM GMT Updated On
date_range 2018-03-13T11:08:59+05:30വളയും മാലയും തട്ടിയെടുത്ത 'പ്രതിശ്രുത വരൻ' കൈയോടെ പിടിയിൽ
text_fieldsഷൊർണൂർ: പ്രതിശ്രുത വരനെന്ന വ്യാജേന യുവതിയിൽനിന്ന് സ്വർണം തട്ടിയ വിരുതൻ അറസ്റ്റിൽ. ഷൊർണൂർ ആർ.പി.എഫ് എസ്.ഐ ഫിറോസ് കസ്റ്റഡിയിലെടുത്ത ശേഷം ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു. പൊന്നാനി വെളിയേങ്കാട് തെക്കെകല്ലം വീട്ടിൽ നൗഷാദിനെയാണ് (39) പിടികൂടിയത്. തിരുവനന്തപുരത്ത് ഹോമിയോ അവസാനവർഷ വിദ്യാർഥിനിയായ മലപ്പുറം സ്വദേശിനിയുടെ പക്കൽനിന്നാണ് ഇയാൾ സ്വർണം തട്ടിയെടുത്തത്. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന വിദ്യാർഥിനിക്ക് പ്രതിശ്രുത വരനെന്ന് പരിചയപ്പെടുത്തി കഴിഞ്ഞ വെള്ളിയാഴ്ച ഫോൺകോൾ വന്നിരുന്നു. ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് വിദ്യാർഥിനിയുടെ സ്വർണവള ആവശ്യപ്പെട്ടു. കൈപ്പറ്റാൻ ഒരാളെ ഷൊർണൂരിലേക്ക് അയക്കാമെന്ന് പറഞ്ഞ നൗഷാദ് തിരിച്ചറിയാൻ അടയാളങ്ങളും പറഞ്ഞുകൊടുത്തു. സംശയമുണ്ടായിരുന്നെങ്കിലും വിദ്യാർഥിനി ട്രെയിനിൽ ഷൊർണൂരിലെത്തി അടയാളങ്ങളുമായി എത്തിയ ആൾക്ക് വള ഊരിനൽകി. തൊട്ടടുത്ത ദിവസം ഫോണിലൂടെ ഇതേ രീതിയിൽ മാല കൂടി ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്ന സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന്, ഷൊർണൂർ ആർ.പി.എഫ് സ്റ്റേഷനിലെത്തി എസ്.ഐയെ വിവരമറിയിച്ചു. എസ്.ഐ വിദ്യാർഥിനിയുടെ സഹായത്തോടെ നൗഷാദിനെ ഷൊർണൂരിലേക്ക് വിളിച്ചുവരുത്തി. രാജ്യറാണി എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെൻറിലുണ്ടായിരുന്ന വിദ്യാഥിനിയെത്തേടി ഇയാളെത്തിയപ്പോൾ മാല കൈമാറി. ഉടൻ ആർ.പി.എഫ് എസ്.ഐ ഫിറോസെത്തി പിടികൂടുകയായിരുന്നു. നൗഷാദ് തന്നെയാണ് പ്രതിശ്രുത വരനെന്ന നിലയിൽ ഫോണിൽ വിളിച്ചതും ട്രെയിനിലെത്തി മാല വാങ്ങിയതെന്നും ബോധ്യപ്പെട്ടതോടെ ഷൊർണൂർ എസ്.ഐ സുജിത്തിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തി ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story