Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗർഭിണി മരിച്ച സംഭവം:...

ഗർഭിണി മരിച്ച സംഭവം: സസ്​പെൻഷനിലായ പൊലീസ്​ ഇൻസ്​പെക്​ടർ റിമാൻഡിൽ

text_fields
bookmark_border
കോയമ്പത്തൂർ: തിരുച്ചിക്ക് സമീപം ഹെൽമറ്റിടാതെ സഞ്ചരിച്ചതിന് ബൈക്ക് ചവിട്ടിവീഴ്ത്തിയിനെത്തുടർന്ന് ഗർഭിണി മരിച്ച സംഭവത്തിൽ അറസ്റ്റിലായ തിരുവെറുമ്പൂർ ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ കാമരാജിനെ ജയിലിലടച്ചു. ഫെബ്രുവരി 20 വരെ തിരുച്ചി സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്ത കാമരാജിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ബുധനാഴ്ച രാത്രി എേട്ടാടെ തുവക്കുടി ടോൾപ്ലാസക്ക് സമീപം തിരുച്ചി റൂറൽ പൊലീസ് ഹെൽമറ്റ് പരിശോധന നടത്തുന്ന സമയത്താണ് രാജ-ഉഷ ദമ്പതികൾ ബൈക്കിലെത്തിയത്. പൊലീസ് കൈകാണിച്ചെങ്കിലും രാജ നിർത്താതെ പോയതിൽ കുപിതനായ പൊലീസ് ഇൻസ്പെക്ടർ കാമരാജ് ബുള്ളറ്റിൽ പിന്തുടർന്നു. തുവക്കുടി ഗണേഷ റൗണ്ടാനക്ക് സമീപം രാജയുടെ ബൈക്ക് ചവിട്ടി തള്ളിയിടുകയായിരുന്നു. പിന്നിലിരുന്ന ഉഷ റോഡിലേക്ക് വീണയുടൻ വാൻ കയറി മരിച്ചു. രാജ ഗുരുതര പരിക്കേറ്റ് തിരുച്ചി ഗവ. ആശുപത്രിയിലാണ്. സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം റോഡ് തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമാധാനശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പൊലീസ് വാഹനങ്ങൾക്കുനേരെ കല്ലേറും നടന്നു. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ലാത്തിച്ചാർജ് നടത്താൻ തിരുച്ചി സിറ്റി പൊലീസ് കമീഷണർ എ. അമൽരാജ് ഉത്തരവിട്ടു. പൊലീസുകാർ ഉൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേറ്റു. തഞ്ചാവൂർ-തിരുച്ചി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി. റോഡ് തടയലും സർക്കാർ വാഹനങ്ങൾ തകർക്കലുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പാപനാശം സ്വദേശിനിയായ ഉഷ വിവാഹം കഴിഞ്ഞ് പത്തുവർഷത്തിനുശേഷമാണ് ഗർഭിണിയായത്. പൊലീസുദ്യോഗസ്ഥ​െൻറ പേരിൽ കൊലക്കുറ്റം ചുമത്തണമെന്നും ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും പൊതുജനങ്ങൾക്കെതിരായ കേസുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയകക്ഷികളും സാമൂഹിക സംഘടനകളും സമരരംഗത്തിറങ്ങി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച െപാലീസുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. ഉഷയുടെ കുടുംബത്തിന് ഏഴു ലക്ഷം ധനസഹായമനുവദിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story