Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിലിന്...

ഗെയിലിന് മുന്നറിയിപ്പുമായി നഗരസഭ

text_fields
bookmark_border
പൈപ്പിടുന്നതിന് കടലുണ്ടിപ്പുഴയിലെ ചാമക്കയം തടയണ പൊട്ടിക്കാനുള്ള നീക്കം ചെറുക്കുമെന്ന് മലപ്പുറം: ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതി​െൻറ ഭാഗമായി കടലുണ്ടിപ്പുഴയിലെ പാണക്കാട് ചാമക്കയം തടയണ പൊട്ടിക്കാനുള്ള നീക്കം ചെറുക്കുമെന്ന് നഗരസഭ. വരൾച്ച ആസന്നമായിരിക്കെ ഈ നടപടി നഗരസഭയിലും കോഡൂർ ഗ്രാമപഞ്ചായത്തിലും കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്നതിനാൽ പൈപ്പ് ലൈൻ കൊണ്ടുപോവാൻ ബദൽമാർഗം തേടണമെന്ന് ജില്ല കലക്ടറോട് അഭ്യർഥിക്കണമെന്നും കൗൺസിൽ യോഗത്തിൽ ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടു. ജനജീവിതത്തെ ഒരുതരത്തിലും ബാധിക്കാത്ത രീതിയിലാ‍യിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നാണ് നഗരസഭയുടെ നിലപാടെന്നും ഇക്കാര്യത്തിൽ വേണ്ടത് ചെയ്യുമെന്നും ചെയർപേഴ്സൻ സി.എച്ച്. ജമീല പറഞ്ഞു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗെയിൽ അധികൃതർ നൽകിയ കത്ത് അജണ്ടയാക്കി യോഗം ചർച്ച ചെയ്യവെയാണ് ഇരുപക്ഷവും നയം വ്യക്തമാക്കിയത്. ജനവികാരത്തിന് പുല്ലുവില കൽപ്പിക്കുന്ന ഗെയിലി​െൻറ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.എ. സലീം ബാപ്പുട്ടി പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും സ്വത്തുക്കൾ നഷ്ടപ്പെടുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സി.പി.എമ്മിലെ പി.പി. അബ്ദുഹാജി വ്യക്തമാക്കി. എന്നാൽ, ത​െൻറ സ്ഥലവും പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നുണ്ടെന്നും ഒരു നോട്ടീസും ഇന്നോളം കിട്ടിയിട്ടില്ലെന്നും മുസ്ലിം ലീഗിലെ തോപ്പിൽ മുഹമ്മദ്കുട്ടി പറഞ്ഞു. ഗെയിൽ പദ്ധതി ഒരുതരത്തിലും നഗരസഭയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. ചാമക്കയം തടയണ, വലിയതോട് തുടങ്ങിയവ മുറിച്ചാണ് പൈപ്പ് ലൈൻ കൊണ്ടുപോവുന്നതെന്ന് ചൂണ്ടിക്കാട്ടിയ ലീഗ് കക്ഷി നേതാവ് ഹാരിസ് ആമിയൻ, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് നോക്കിനിൽക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ചാമക്കയം തടയണക്ക് വല്ല കേടുപാടും സംഭവിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദും മുന്നറിയിപ്പ് നൽകി. പണി ഏറക്കുറെ പൂർത്തിയായ സ്ഥിതിക്ക് അർഹമായ നഷ്ടപരിഹാരം നൽകുകയും ജനങ്ങളുടെ ഭീതി അകറ്റുകയും ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമേ മാർഗമുള്ളൂവെന്ന് പ്രതിപക്ഷത്തെ മുസ്ല്യാർ സജീറും പറഞ്ഞു. വിഷയം വോട്ടിനിട്ടപ്പോൾ ജനവാസ കേന്ദ്രത്തിലൂടെ നടപ്പാക്കരുതെന്ന നിലപാടിനൊപ്പം ഭരണപക്ഷ ബെഞ്ചിലുണ്ടായിരുന്ന 22പേരും ഉറച്ചുനിന്നു. മതിയായ നഷ്ടപരിഹാരം നൽകി നടപ്പാക്കണമെന്ന് പ്രതിപക്ഷത്ത് സന്നിഹിതരായിരുന്ന 14 അംഗങ്ങളും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story