Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൈ നനയാതെ പണം നേടാൻ...

കൈ നനയാതെ പണം നേടാൻ സൈബർ തട്ടിപ്പ്

text_fields
bookmark_border
മഞ്ചേരി: കൈ നനയാതെ പണം തട്ടലിന് പ്രസിദ്ധമാണ് ഝാർഖണ്ഡിലെ ജാംതാര ജില്ല. മഞ്ചേരിയിൽ യുവാവിന് പണം നഷ്ടപ്പെട്ട കേസ് അന്വേഷിച്ച് ജാംതാരയിലെത്തിയ കേരള പൊലീസ് പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ. അധികം ജനസംഖ്യയൊന്നുമില്ലാത്ത ജില്ലയാണ് ജാംതാര. ജാംതാരയേക്കാൾ ആളുകൾക്ക് ഏറെ പരിചയം ഗ്രാമപ്രദേശമായ കര്‍മാതര്‍ ആണ്. യാത്രക്കാരെ കൊള്ള ചെയ്യുന്നതിൽനിന്ന് സൈബർ കൊള്ളയിലേക്ക് മാറിയ ഗ്രാമമെന്ന പെരുമയും കർമാതറിനുണ്ട്. സൈബർ തട്ടിപ്പിലൂടെ വന്‍ തുക സമ്പാദിക്കാന്‍ തുടങ്ങിയതോടെ ചെറിയ മണ്‍കുടിലുകള്‍ കോണ്‍ക്രീറ്റ് വീടുകൾക്ക് വഴിമാറി. എല്ലാ വീടുകള്‍ക്കും ബാങ്ക് ലോക്കറുകള്‍ പോലെ ഇരുമ്പ് വാതിലുകളും കനമുള്ള ചുമരുകളും ഉള്ളതായി പൊലീസ് സംഘം പറയുന്നു. ഇതര സ്ഥലങ്ങളില്‍നിന്ന് പരിചിതരല്ലാത്ത ആരെങ്കിലും സ്ഥലത്തെത്തിയാല്‍ ആ സമയത്ത് തന്നെ വിവരം ലഭിക്കുന്ന തരത്തില്‍ ക്രിമിനല്‍ നെറ്റ്വര്‍ക്കും ഇവിടെയുണ്ട്. വിവിധ ആളുകളുടെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും ഓണ്‍ലൈന്‍ വാലറ്റ് സേവന ദാതാക്കളില്‍ ഇ-വാലറ്റ് അക്കൗണ്ടുകളും തുടങ്ങി സ്മാർട്ട് ഫോണുകൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ഫോണുകളിൽനിന്ന് പല നമ്പറുകളിലേക്ക് വിളിച്ച് ബാങ്കുകളുടെ ഹെഡ് ഓഫിസില്‍ നിന്നാണെന്നും വെരിഫിക്കേഷനും അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാനാണെന്നും മറ്റും പറഞ്ഞ് സൂത്രത്തില്‍ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചറിയും. ഇത് വിശ്വസിക്കുന്നയാളുകള്‍ ഒ.ടി.പി നമ്പറും കൂടി നല്‍കുന്നതോടെ പണം ഇ വാലറ്റിലേക്കെത്തും. തുടര്‍ന്ന് ഈ പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. കാര്യമായി ഒരു ജോലികളും ഇല്ലാത്ത ഇവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ ലക്ഷങ്ങളാണ് ഓരോ ആഴ്ചയിലും വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസുകാരായ എൻ.എം. അബ്ദുല്ല ബാബു, എസ്.എ. മുഹമ്മദ് ഷാക്കിര്‍ എന്നിവരുള്‍പ്പെടുന്ന സംഘം ഒരു വര്‍ഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ ഓണ്‍ലൈന്‍ കേസാണിത്. വിവരങ്ങളോ അനുബന്ധ ഒ.ടി.പി നമ്പറോ ചോദിച്ച് ഒരിക്കല്‍ പോലും കോളുകള്‍ വരില്ലെന്ന് പറഞ്ഞ് ബാങ്കുകളില്‍ നിന്നും മറ്റും പല പ്രാവശ്യം ബോധവൽക്കരണ സന്ദേശങ്ങളും അറിയിപ്പുകളും നൽകിയിട്ടും ചതിയിൽ പെടുന്നവർ കുറയുന്നില്ല. ഇത്തരം തട്ടിപ്പുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ ഉന്നതരും വീണിട്ടുണ്ട്. നൈജീരിയന്‍ സ്കാം എന്ന തട്ടിപ്പില്‍ ആളുകളുടെ ആവശ്യമാണ് പ്രതികള്‍ ചൂഷണം ചെയ്യുന്നതെങ്കില്‍ എ.ടി.എം തട്ടിപ്പ് കേസില്‍ ആളുകളുടെ അറിവില്ലായ്മയാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story