Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂർ സ്​റ്റേഡിയം...

തിരൂർ സ്​റ്റേഡിയം മൈതാനിയിൽ വീണ്ടും പച്ചപ്പ്

text_fields
bookmark_border
തിരൂർ: ഉണങ്ങിക്കരിഞ്ഞിരുന്ന താഴെപ്പാലം സ്റ്റേഡിയത്തിലെ പുൽമൈതാനി വീണ്ടും പച്ചപ്പണിഞ്ഞു. രണ്ടാഴ്ചയായി നഗരസഭയുടെ നേതൃത്വത്തിൽ മുടങ്ങാതെ നനവ് ലഭിച്ചതോടെയാണ് മൈതാനിയുടെ മിക്ക ഭാഗത്തും പുല്ല് കിളിർത്തത്. പരിചരണമില്ലാത്തതിനാൽ മൈതാനിയിലെ പുല്ല് നശിച്ചത് വിവാദമായതോടെയായിരുന്നു നഗരസഭ രംഗത്തെത്തിയത്. തുടർന്ന് സ്റ്റേഡിയത്തിലേക്ക് പ്രവേശനം വിലക്കുകയും നനക്കൽ ആരംഭിക്കുകയും ചെയ്തു. അറ്റക്കുറ്റപ്പണിക്കെന്ന പേരിലാണ് സ്റ്റേഡിയം അടച്ചതെങ്കിലും മൈതാനത്ത് നനക്കൽ മാത്രമാണ് നടക്കുന്നത്. ദിവസവും രാവിലെയും വൈകീട്ടുമാണ് നനക്കൽ. രണ്ടാഴ്ചയിലേറെയായിട്ടും പുല്ല് കിളിർക്കാത്ത ഭാഗങ്ങളുമുണ്ട്. മൈതാനം ഒരുക്കിയതിലെ അപാകതയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വെള്ളം കെട്ടിക്കിടന്നിരുന്ന ഭാഗങ്ങളിലാണ് ഇപ്പോൾ പുല്ല് മുളക്കാത്ത അവസ്ഥയുള്ളത്. ഇലവൻസ് ഫുട്ബാൾ മൈതാനിയാണ് നഗരസഭയുടെ അലംഭാവം മൂലം നശിച്ചത്. ജലസേചന സൗകര്യമുൾപ്പടെയുണ്ടായിരുന്നിട്ടും നനച്ച് പുൽതകിട് പരിചരിക്കാനോ സംരക്ഷിക്കാനോ നഗരസഭ നടപടിയെടുത്തിരുന്നില്ല. നിർമാണത്തിൽ അപാകതയും അഴിതമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭ മൈതാനിയോട് അയിത്തം പുലർത്തിയത്. എന്നാൽ, വ്യാപക പ്രതിഷേധം ഉയർന്നതോടെ അധികൃതർക്ക് നിലപാട് തിരുത്തേണ്ടി വന്നു. മൈതാനം പഴയ സ്ഥിതിയിലായാലും തൽക്കാലം തുറക്കേണ്ടതില്ലെന്നാണ് നഗരസഭയുടെ തീരുമാനം. കഴിഞ്ഞയാഴ്ച കിഫ്ബി പ്രതിനിധി സംഘം സ്റ്റേഡിയത്തിലെത്തിയിരുന്നു. കിഫ്ബിയിലുൾപ്പെടുത്തിയുള്ള സ്റ്റേഡിയം നിർമാണം വൈകാതെ ആരംഭിക്കുമെന്നാണ് നഗരസഭ നിലപാട്. സി. മമ്മുട്ടി എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് അനുവദിച്ച അഞ്ചുകോടിയോളം രൂപ ചെലവിട്ട് സ്റ്റേഡിയം നവീകരിച്ചതിനോടനുബന്ധിച്ചായിരുന്നു പുൽമൈതാനി ഒരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story