Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനംനിറച്ച്​...

മനംനിറച്ച്​ കുമ്മാട്ടിയും കുതിരക്ക്​ തലവെപ്പും; ഇന്ന് ചിനക്കത്തൂർ പൂരം

text_fields
bookmark_border
ഒറ്റപ്പാലം: മണ്ണിലും മനസ്സിലും ആവേശം വാനോളമുയർത്തി വള്ളുവനാടൻ പൂരപ്പെരുമയുമായി ചിനക്കത്തൂർ ആഘോഷത്തിമിർപ്പിൽ. കുംഭത്തിലെ മകം നാളിൽ പിറന്ന ഭഗവതിയെ നെഞ്ചേറ്റി ഏഴുദേശങ്ങളുടെ കൂട്ടായ്മയിൽ ഇന്നാണ് ചിനക്കത്തൂർ പൂരം. മുന്നോടിയായി ബുധനാഴ്ച നടന്ന കുമ്മാട്ടിയും ആചാരപൊലിമയാർന്ന കുതിരക്ക് തലവെക്കലും തട്ടകത്തിൽ മറ്റൊരു പൂരക്കാഴ്ച തീർത്തു. ഏഴരവെളുപ്പിന് മുമ്പേ തിങ്ങിക്കൂടിയ ഭക്തർക്കിടയിലേക്ക് ദേശങ്ങളിൽനിന്ന് ഭഗവതിയുടെ ഭൂതഗണങ്ങളായ പൂതനും തിറയും വെള്ളാട്ടും കുമ്മാട്ടിയും പറവാദ്യങ്ങളുടെ അകമ്പടിയിൽ കാവിലെത്തി തൊഴുതുമടങ്ങിയതോടെ തട്ടകം പൂരലഹരിയിലമർന്നു. ഭഗവതിയുടെ ആറാട്ടു കഴിഞ്ഞു താഴെക്കാവിൽ നട അടച്ച് മേലെക്കാവിലെത്തും വരെ നീണ്ട പഞ്ചാരിമേളം വാദ്യവിസ്മയം തീർത്തു. ഉച്ചക്ക് രണ്ടിനായിരുന്നു ആചാരത്തനിമയാർന്ന കുതിരക്കുതലവെപ്പ്. മാമാങ്ക സ്മരണകളുയർത്തി പൂരദിവസം ക്ഷേത്ര മൈതാനത്തിൽ ആവേശത്തി​െൻറ ആകാശക്കാഴ്ചകളാകാൻ തയാറെടുത്തു നിൽക്കുന്ന കുതിരക്കോലങ്ങളുടെ തലവെക്കലിന് കോമരം നേതൃത്വം വഹിച്ചു. പടിഞ്ഞാറൻ ചേരിയിലെ 'സാമൂതിരി', കിഴക്കൻചേരിയിലെ 'ഏറാൾപ്പാട്'എന്നിവക്കുശേഷം ഊഴമനുസരിച്ച് ശേഷിച്ച 14 കുതിരകളുടെയും തലവെക്കൽ പൂർത്തിയാക്കി ഈടുവെടി മുഴക്കിയതോടെ തട്ടകം ആഘോഷനിറവിലായി.  ആർപ്പുവിളികളുമായി കുമ്മാട്ടിക്കുതിരകൾ വൈകീട്ട് ക്ഷേത്രമൈതാനിയിലെത്തിയപ്പോൾ പുരുഷാരത്തിന് അതും നിറക്കാഴ്ചയായി. ഒറ്റപ്പാലം, പാലപ്പുറം, പല്ലാർമംഗലം, വടക്കുമംഗലം, തെക്കുമംഗലം, മീറ്റ്ന ദേശങ്ങളുടെ കൂട്ടായ്മയിൽ പിറക്കുന്ന പൂരത്തിന് എണ്ണമറ്റ വണ്ടിവേഷങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയാകും. ദേശങ്ങളിൽനിന്നുള്ള ആനപ്പൂരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ കാവിലേക്ക് പുറപ്പെടും. വൈകീട്ട് മൂന്നോടെയാണ് വാശിയേറിയ കുതിരക്കളി. ഇരുചേരികളിലായി അണിനിരക്കുന്ന കൂറ്റൻ കുതിരക്കോലങ്ങളെ മുരശ് വാദ്യത്തി​െൻറ അകമ്പടിയോടെ കോമരമെത്തി ഇളക്കിവിടും. പടിഞ്ഞാറൻ ചേരിയിലെ സാമൂതിരി കുതിരയെ മേലെക്കാവിലും പിന്നെ താഴെക്കാവിലും എത്തിച്ചു തൊഴുതുമടങ്ങുന്നതോടെ മറ്റ് കുതിരകൾക്കും ഊഴമാകും. ഒരു മണിക്കൂർ നീളുന്ന കുതിരകളിക്ക് സമാപനം കുറിക്കുക കിഴക്കൻ ചേരിയിലെ ജ്യോത്സ്യൻ കളത്തിലിറങ്ങുന്നതോടെയാണ്. പാലപ്പുറം മുതലിയാർ തെരുവിൽനിന്നുള്ള തേരും അപ്പേപ്പുറം നിവാസികളുടെ തട്ടിന്മേൽകൂത്തും പ്രകടനം കാഴ്ചവെച്ചു തീരുന്നതോടെ സ്‌പെഷൽ പൂരാഘോഷക്കമ്മിറ്റികളുടെ എണ്ണിയാലൊടുങ്ങാത്ത കെട്ടുകാഴ്ചകളുടെ പ്രവാഹമാണ്. തുടർന്ന് പടിഞ്ഞാറൻ ചേരിയിൽ 17ഉം കിഴക്കഞ്ചേരിയിൽ 10ഉം വീതം ഗജവീരന്മാർ അണിനിരക്കുന്ന ആനപ്പൂരമാണ്. പ്രശസ്ത വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം അകമ്പടിയാകും. രാത്രിപൂരം വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് സമാപിക്കുക. പൂരത്തോടനുബന്ധിച്ച് ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ ഫോട്ടോ പ്രദർശനവും ദേശക്കമ്മിറ്റികളുടെ ആനച്ചമയ പ്രദർശനവും ഒരുക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story