Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേനലെത്തും മുമ്പ്...

വേനലെത്തും മുമ്പ് വറ്റിവരണ്ട് ഭാരതപ്പുഴ

text_fields
bookmark_border
ഷൊർണൂർ: മലമ്പുഴ ഡാം തുറന്നുവിട്ടതിനെ തുടർന്നുണ്ടായ നീരൊഴുക്ക് നിലച്ചതോടെ ഭാരതപ്പുഴ ഷൊർണൂർ ഭാഗത്ത് വീണ്ടും വരണ്ടു. പുഴയുടെ വടക്കേ അതിർത്തിയിലൂടെയൊഴുകുന്ന നീർച്ചാൽ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ ഒരാഴ്ചക്കുള്ളിൽ അവശേഷിക്കുന്ന നീരൊഴുക്കും നിലക്കും. മാന്നനൂരിലെ ഉരുക്കുതടയണക്ക് താഴെ മുതൽ മുണ്ടായ വരെ പത്ത് കിലോമീറ്ററോളം ഭാഗം ഏതാണ്ട് വരണ്ടുകിടപ്പാണ്. മുണ്ടായയിലെ അടിയണ പ്രദേശത്ത് കുറച്ച് വെള്ളം തങ്ങിനിൽക്കുന്നുണ്ട്. ഇതിന് താഴെ മുതൽ വെള്ളിയാങ്കല്ലിലെ വെള്ളം നിൽക്കുന്ന ഭാഗം വരെ ഇടക്കുള്ള കയങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതൊഴിച്ചാൽ വരണ്ട പുഴയുടെ ചിത്രം തന്നെയാണ് കാണാനാകുന്നത്. വേനൽ കനക്കുന്നതിന് മുമ്പ് പുഴ ഇത്രയധികം വരളുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. താരതമ്യേന തരക്കേടില്ലാതെ മഴ ലഭിച്ച വർഷമായിട്ടും പുഴ പെട്ടെന്ന് വരണ്ടത് പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുഴയുടെ കിഴക്കൻ ഭാഗങ്ങളിൽ അടുത്തകാലത്തായി നിർമിച്ച തടയണകൾ പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ മഴ കാര്യമായി ലഭിക്കാത്തതും കടുത്ത വെയിലും കാരണങ്ങളാണ്. ഷൊർണൂരിൽ നിർമിച്ച താൽകാലിക തടയണയിൽ ഒരു മാസത്തോളം വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ഇപ്പോൾതന്നെ രണ്ടുമൂന്ന് ദിവസം കൂടുമ്പോഴാണ് ഓരോ പ്രദേശങ്ങളിലും വെള്ളം വിതരണം ചെയ്യുന്നത്. ഓരോ ദിവസവും പിന്നിടുമ്പോഴും സ്ഥിതി കൂടുതൽ പരിതാപകരമാകും. മലമ്പുഴ ഡാമിൽനിന്നുള്ള വെള്ളമോ കനത്ത വേനൽമഴയോ ലഭിച്ചില്ലെങ്കിൽ വെള്ളം ലഭിക്കുക എളുപ്പമാകില്ല. ഷൊർണൂരിലും ചെങ്ങണാംകുന്ന് കടവിലും നിർമാണത്തിലിരിക്കുന്ന തടയണകളുടെ പണി പൂർത്തിയാകുന്നതോടെ സ്ഥിതിക്ക് മാറ്റമുണ്ടാകും. എന്നാൽ, ഈ വേനലിനെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ജനങ്ങളും ജല അതോറിറ്റി അധികൃതരും.
Show Full Article
TAGS:LOCAL NEWS 
Next Story