Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅട്ടപ്പാടി സാക്ഷ്യം...

അട്ടപ്പാടി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത പോരാട്ടത്തിന്

text_fields
bookmark_border
പി.വി. സന്തോഷ് അഗളി: കഴിഞ്ഞ മൂന്ന് ദിവസമായി സമരമുഖരിതമായിരുന്നു അട്ടപ്പാടി. മധുവി​െൻറ മരണം അവരുടെ എല്ലാ സഹനങ്ങൾക്കുമപ്പുറമായിരുന്നു. സ്വന്തം അസ്തിത്വം പോലും ചോദ്യം ചെയ്ത് കൂട്ടത്തിലൊരുവനെ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയപ്പോൾ ദശാബ്ദങ്ങളായി അനുഭവിച്ച വേദന പ്രതിഷേധമായി മാറുകയായിരുന്നു. കിലോമീറ്ററുകൾ ദൂരെയുള്ള ഊരുകളിൽനിന്ന് ആബാലവൃദ്ധം ജനം അഗളിയിലെ സമരപ്പന്തലിലേക്കൊഴുകി. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സമരപ്പന്തൽ സജീവമായി. മധുവി​െൻറ അമ്മക്കും സഹോദരിക്കുമൊപ്പം കൺചിമ്മാതെ ഗോത്രസമൂഹം ഒന്നാകെ സമരത്തിൽ പങ്കുചേർന്നു. മുദ്രാവാക്യങ്ങൾ മാത്രമല്ല മുഴങ്ങിയത്. മരണാന്തര ചടങ്ങുകളിൽ പരമ്പരാഗതമായി തുടരുന്ന ആദിവാസിശീലുകളും നൃത്തവും കൊണ്ട് അവർ പൊതുസമൂഹത്തെ വെല്ലുവിളിച്ചു. നിങ്ങളുടെ കണ്ണുകൾക്ക് കാണാത്തതാണ് തങ്ങളുടെ അഭിമാനമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. മധുവിന് വേണ്ടി കണ്ണീരല്ല, ധൈര്യസമേതമുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. അഗളി ടൗണിൽ പിഞ്ചുകുട്ടികൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. പ്രതീകാത്മകമായി മധുവി​െൻറ പ്രതിരൂപം നക്കുപ്പതി ഊരിൽനിന്ന് ചെല്ലൻ മൂപ്പ​െൻറ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ സമരപ്പന്തലിലെത്തിച്ചപ്പോൾ മുദ്രാവാക്യം ഉച്ചത്തിലായി. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നതിനും സമരപ്പന്തലിൽ പൊതുദർശനത്തിന് വെക്കണമെന്ന ആവശ്യത്തിനും മുന്നിൽ പൊലീസ് മുട്ടുമടക്കി. കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുകയും കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തുകയും ചെയ്യണമെന്ന സമരക്കാരുടെ ആവശ്യവും നിറവേറി. പ്രതികളെ തിരിച്ചറിയുന്ന ആളുകൾക്ക് അവരെ കാണാനും പൊലീസ് അവസരമൊരുക്കി. മുഴുവൻ പേരെയും പ്രതിപട്ടികയിൽ കണ്ടതോടെയാണ് വൈകുന്നേരത്തോടെ സമരപ്പന്തൽ ഒഴിഞ്ഞത്. ഒരിടത്തുപോലും അക്രമസ്വഭാവമുണ്ടായില്ല. ആദിവാസി ഏകോപന സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. ആദിവാസി സംഘടനകളായ മൂപ്പൻസ് കൗൺസിൽ, തമ്പ്, ഗുരുവ്, തായ്ക്കുലം, എ.കെ.എസ് തുടങ്ങിയവയും കുടുംബശ്രീ പ്രവർത്തകരും നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story