Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ആർ.ടി.സിയിൽ...

കെ.എസ്.ആർ.ടി.സിയിൽ മുമ്പെങ്ങുമില്ലാത്ത വരുമാനവും ഉണർവും; തെക്ക് നിന്ന് കൂടുതൽ ബസ്സുകൾ വരുത്തുന്നു

text_fields
bookmark_border
മലപ്പുറം: രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും ദൈർഘ്യമുള്ള സ്വകാര്യ ബസ് സമരം കച്ചിത്തുരുമ്പാക്കി കെ.എസ്.ആർ.ടി.സി. ഡിപ്പോകളും സബ് ഡിപ്പോകളും മുമ്പെങ്ങുമില്ലാത്തത്ര വരുമാന വർധനയുണ്ടാക്കി. അധികം സമയം ജോലി ചെയ്തും അവധി റദ്ദാക്കിയുമാണ് ജീവനക്കാർ കോർപറേഷനുമായി സഹകരിക്കുന്നത്. നാല് ദിവസത്തിനിടെ ഒരിക്കലെങ്കിലും വരുമാന ലക്ഷ്യം (ടാർഗറ്റ് കളക്ഷൻ) നേടാത്ത ഡിപ്പോയോ സബ് ഡിപ്പോയോ ഇല്ലെന്നതാണ് സമരകാലത്തെ പ്രധാന സവിശേഷത. ബസ് സമരം കാര്യമായി ബാധിച്ചത് മലബാർ ജില്ലകളെയാണ്. സമയോചിതമായി ഇടപെട്ട കെ.എസ്.ആർ.ടി.സി അധികൃതർ അധിക സർവിസുകൾ നടത്തിയാണ് ഇതിനെ നേരിടുന്നത്. ദീർഘ ദൂര സർവിസുകളുടെ ആവശ്യാർഥം കരുതലിൽ വെച്ചിരുന്ന ബസ്സുകൾ പോലും ഇപ്പോൾ ഓടുന്നുണ്ട്. അഞ്ച് മുതൽ പത്ത് വരെ വണ്ടികളാണ് ഓരോ ഡിപ്പോയും അധികമായി അയച്ചുകൊണ്ടിരിക്കുന്നത്. കെ.എസ്.ആർ.ടി.സി സർവിസുകളില്ലാത്ത ഉൾപ്രദേശങ്ങളിലുള്ളവർ സമരം മൂലം ബുദ്ധിമുട്ടുമ്പോഴും പ്രധാന പാതകളെ ഇത് ബാധിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി അധികൃതരാവട്ടെ വരുമാനം കൂടുതൽ കിട്ടുന്ന മേഖലകൾ നോക്കിയാണ് അധികം വണ്ടികൾ അയക്കുന്നത്. മിക്ക ഡിപ്പോകളും സബ് ഡിപ്പോകളും വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമേ വരുമാനലക്ഷ്യത്തിൽ എത്താറുള്ളൂ. എന്നാൽ കഴിഞ്ഞ നാല് ദിവസത്തിനിടെ ഒന്നിലധികം തവണ ഈ നേട്ടം കൈവരിച്ചവരുണ്ട്. ചരിത്രത്തിലാദ്യമായി 10 ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയിൽ ശനിയാഴ്ച മലപ്പുറം ഡിപ്പോ എത്തി. 9,13,275 ആണ് ഇവിടുത്തെ ലക്ഷ്യ വരുമാനം. ശനിയാഴ്ച 11,04,111ഉം ഞായറാഴ്ച 10,63,433ഉം ആയി ഉയർന്നു. അധിക സർവിസ് നടത്താൻ തെക്കൻ ജില്ലകളിൽ നിന്ന് കൂടുതൽ ബസ്സുകൾ അയക്കണമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളം, കൊല്ലം ഡിപ്പോകളിലെ ബസ്സുകൾ ഇതിനകം കോഴിക്കോട്ടെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story