Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എൽ.എയുമായി വേദി...

എം.എൽ.എയുമായി വേദി പങ്കിടൽ: പ്രമുഖ നേതാവിനെതിരെ ലീഗ് അച്ചടക്ക നടപടിക്കൊരുങ്ങുന്നു

text_fields
bookmark_border
കരുവാരകുണ്ട്: കോൺഗ്രസ്-മുസ്‌ലിം ലീഗ് പോര് നിലനിൽക്കുന്ന കരുവാരകുണ്ടിൽ എ.പി. അനിൽകുമാർ എം.എൽ.എയോട് നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിനെതിരെ ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനും കോൺഗ്രസ് പിന്തുണയോടെ സി.പി.എം ഭരണത്തിൽ വന്നതിനും പിന്നിൽ അനിൽകുമാറാണെന്നാണ് ലീഗ് നിലപാട്. ഇതിനെ തുടർന്ന് അദേഹത്തി‍​െൻറ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ച് എം.എൽ.എയോടൊപ്പം വേദി പങ്കിട്ട ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ പ്രമുഖ നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചതായി അറിയുന്നു. കഴിഞ്ഞ മാസം അരിമണലിൽ നടന്ന ആരോഗ്യ ഉപകേന്ദ്രം കെട്ടിടോദ്ഘാടനത്തിൽ എം.എൽ.എ പങ്കെടുത്തതിനാൽ പരിപാടി ലീഗ് ബഹിഷ്കരിച്ചിരുന്നു. എന്നാൽ പുന്നക്കാട് ചുങ്കത്ത് നടന്ന ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ ലീഗ് നേതാവ് പി. ഷൗക്കത്തലി പങ്കെടുത്തു. പാർട്ടി നിർദേശം ധിക്കരിച്ച ഇദ്ദേഹത്തിനെതിരെയാണ് നടപടി വരുന്നത്. കഴിഞ്ഞ ആഴ്ച നടന്ന പഞ്ചായത്ത് ലീഗ് സമ്മേളനത്തിൽനിന്ന് ചില പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നത് തടയാൻ ശ്രമിച്ചെന്ന പരാതിയും ഷൗക്കത്തലിക്കെതിരെയുണ്ട്. അതേസമയം, കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് സ്കൂൾ പ്രഖ്യാപന സമ്മേളനത്തിൽ എം.എൽ.എയോടൊപ്പം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാനും കിഴക്കെത്തലയിലെ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിൽ മറ്റൊരു ലീഗ് നേതാവ് എൻ. ഉണ്ണീൻകുട്ടിയും പങ്കെടുത്തിരുന്നു. എന്നാൽ ലീഗ് എം.എൽ.എ അഡ്വ. എം. ഉമ്മർ വിട്ടുനിന്നു. ഇതിൽ സ്കൂളിലേത് ഔദ്യോഗിക പരിപാടിയായതിനാലും ഉണ്ണീൻകുട്ടി പാർട്ടി നിലപാട് അറിയാത്തതിനാലുമാണ് പങ്കെടുത്തതെന്നാണ് ലീഗ് പഞ്ചായത്ത് സെക്രട്ടറി പി. ഇമ്പിച്ചിക്കോയ തങ്ങൾ പറയുന്നത്. പാർട്ടി ധാരണക്ക് വിരുദ്ധമായി എം.എൽ.എയോടൊപ്പം വേദി പങ്കിട്ടത് അംഗീകരിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു. പ്രദേശവാസി കൂടിയായ ലീഗ് എം.എൽ.എക്കും ലീഗ് പഞ്ചായത്ത് ഭാരവാഹികളിൽ ചിലർക്കും അനഭിമതനാണ് പി. ഷൗക്കത്തലി.
Show Full Article
TAGS:LOCAL NEWS 
Next Story