സ്​റ്റേഡിയം: നഗരസഭ വിലക്കിന് പുല്ല് വില

05:32 AM
14/02/2018
തിരൂർ: അറ്റക്കുറ്റപ്പണിയുടെ പേരിൽ താഴെപ്പാലം സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത് വിലക്കിയ നഗരസഭ നടപടി കാറ്റിൽ പറത്തി പ്രഭാത സവാരിക്കാർ. ചൊവ്വാഴ്ച സ്റ്റേഡിയത്തിലെത്തിയത് സാധാരണത്തേക്കാളും അധികം പ്രഭാത സവാരിക്കാർ. ഇവരെ തടയാൻ നഗരസഭ അധികൃതർ രംഗത്തെത്തിയത് വാക്ക് തർക്കത്തിന് ഇടയാക്കി. തിങ്കളാഴ്ച രാത്രിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വിലക്കി നഗരസഭ അധികൃതർ പ്രവേശന കവാടത്തിൽ ബാനർ സ്ഥാപിച്ചത്. പ്രഭാത സവാരിക്കെത്തിയവർ നഗരസഭ നിർദേശം മാനിക്കാതെ സിന്തറ്റിക് ട്രാക്കിലൂടെ നടത്തം തുടങ്ങി. ഇവർ ഉപയോഗിക്കുന്നത് സിന്തറ്റിക് ട്രാക്കായിരുന്നിട്ടും പുൽമൈതാനി നനക്കുന്നത് ചൂണ്ടിക്കാട്ടി നഗരസഭ അധികൃതർ തടയാനെത്തുകയായിരുന്നു. രാവിലെ കളിക്കാൻ ടീമുകളുമെത്തിയിരുന്നു. സ്റ്റേഡിയത്തിൽ ഒരേ സമയം നഗരസഭ ജീവനക്കാരുടെ നനയും പ്രഭാത സവാരിയും നടന്നു. അതേസമയം വൈകീട്ടും നടത്തക്കാർ സ്റ്റേഡിയത്തിലെത്തി. സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന മുന്നറിയിപ്പ് സഹിതമാണ് നഗരസഭ പ്രവേശനം വിലക്കിയത്. ഇത് വകവെക്കാതെയായിരുന്നു നാട്ടുകാരുടെ നടത്ത പ്രതിഷേധം. ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും പുൽമൈതാനി നഗരസഭ ജീവനക്കാരെത്തി നനച്ചു. പൊന്നാനിപ്പുഴയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചായിരുന്നു നന. പുൽമൈതാനി മിക്കയിടത്തും നശിച്ചിരിക്കുന്നതിനാൽ നനയോടെ പല ഭാഗത്തും ചളിക്കെട്ടായി. ഈ ഭാഗങ്ങളിൽ പുതിയ പുൽ പാകാതെ മൈതാനി പൂർവ സ്ഥിതിയിലാകില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. പുൽതകിട് പാകിയതിൽ അപാകതയുള്ളതിനാൽ വെള്ളം കെട്ടിനിൽക്കുന്നതായി നേരത്തെത്തന്നെ ആക്ഷേപമുള്ളതാണ്. റോഡിൽ പ്രതീകാത്മക സ്പോർട്സ് മാർച്ചുമായി യൂത്ത് ലീഗ് തിരൂർ: സ്റ്റേഡിയത്തോടുള്ള നഗരസഭ അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതീകാത്മക സ്പോർട്സ് മാർച്ച് വേറിട്ട സമരമായി. റോഡിൽ പന്ത് തട്ടിയും ഷട്ടിൽ കളിച്ചും വോളിബോൾ സ്മാഷ് ഉതിർത്തുമായിരുന്നു പ്രതിഷേധം. അകമ്പടിയായി വായമൂടിക്കെട്ടി പ്രകടനവും. സെൻട്രൽ ജങ്ഷൻ മുതൽ സ്റ്റേഡിയം വരെയായിരുന്നു പരിപാടി. സ്റ്റേഡിയം പരിസരത്ത് പ്രതിഷേധ സംഗമം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു.
COMMENTS