Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചികിത്സക്കിടെ രോഗി...

ചികിത്സക്കിടെ രോഗി മരിച്ചു; നഴ്സിന് മർദനം

text_fields
bookmark_border
പാലക്കാട്: ചികിത്സക്കിടെ രോഗി മരിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ജില്ല ആശുപത്രി നഴ്സിന് മർദനമേറ്റു. തയ്യൽ തൊഴിലാളിയായ തേങ്കുറുശ്ശി സ്വദേശി പള്ളിത്തൊടിയിൽ അനന്തനാണ് (45) ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ ചികിത്സയിലിരിക്കെ മരിച്ചത്. ഈ സമയം വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ഹബീനയെയാണ് അനന്ത​െൻറ ബന്ധുക്കൾ കൈയേറ്റം ചെയ്തത്. ഫെബ്രുവരി 10നാണ് തലകറക്കവും ഛർദ്ദിയും മൂലം അനന്തനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ച് രോഗി മരിച്ചയുടൻ ബന്ധുക്കളിൽ ചിലർ നഴ്‌സിനെ മര്‍ദിച്ചതായാണ് പരാതി. ആശുപത്രി ഔട്ട്പോസ്റ്റില്‍ നിന്ന് പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. വാര്‍ഡില്‍ ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും അടിയന്തര ചികിത്സയാവശ്യപ്പെട്ട സമയത്ത് ആരും പരിശോധനക്കെത്താതിരുന്നതാണ് മരണകാരണമെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും രോഗിയുടെ അടുത്ത ബന്ധുക്കള്‍ പരാതിയില്ലെന്ന് പിന്നീട് എഴുതി നല്‍കിയതായും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. രമാദേവി പറഞ്ഞു. പൊലീസെത്തി പരാതിക്കാരിയായ നഴ്‌സി​െൻറയും മരിച്ചയാളുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. പരിക്കേറ്റ നഴ്‌സി​െൻറ പരാതിയിൽ ടൗണ്‍ സൗത്ത് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മഞ്ഞപ്പിത്തം ബാധിച്ചതാണ് രോഗിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സവിതയാണ് ഭാര്യ. മകൾ: അനീന. അതേസമയം, നഴ്‌സിനെ മർദിച്ചതിനെതിരെ ജീവനക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ യോഗം നടത്തി. കുറ്റക്കാര്‍ക്കെതിരെ ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം അടുത്ത ദിവസം അത്യാഹിത വിഭാഗമടക്കം അടച്ചിട്ട് പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഡോ. സുരേഷ് കുമാര്‍, ഡോ. ജയരാജ്, സ്റ്റാഫ് നഴ്‌സ് മനോജ്, സുരേഷ്, ഹെഡ് നഴ്‌സ് ജയശ്രീ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story