Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങരയുടെ കുടിവെള്ള...

വേങ്ങരയുടെ കുടിവെള്ള ക്ഷാമത്തിന്​ പരിഹാരമാവുന്നു; വാക്കിക്കയം റെഗുലേറ്റര്‍ നിർമാണം അവസാന ഘട്ടത്തിലേക്ക്

text_fields
bookmark_border
വേങ്ങര: കടലുണ്ടിപ്പുഴയില്‍ വാക്കിക്കയത്ത് നിർമാണത്തിലിരിക്കുന്ന വാക്കിക്കയം റെഗുലേറ്ററി​െൻറ നിർമാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പുഴക്കുകുറുകെ നിർമിക്കുന്ന റെഗുലേറ്ററിന് ഏകദേശം പത്തുമീറ്ററോളം താഴ്ചയില്‍ ജലം താങ്ങി നിര്‍ത്താനാവുമെന്ന് വിദഗ്ധര്‍ പറയുന്നു. പുഴയില്‍ ഏഴു കിലോമീറ്ററോളം നീളത്തില്‍ ജലം തടഞ്ഞുനിര്‍ത്താനും റെഗുലേറ്ററിനാവും. തടഞ്ഞുനിര്‍ത്തുന്ന ജലം കല്ലക്കയത്ത് സ്ഥാപിച്ചിട്ടുള്ള പമ്പ് സെറ്റുകള്‍ മുഖേന വേങ്ങര, ഊരകം, പറപ്പൂര്‍, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്ക് പമ്പ് ചെയ്യാനാവും. ലോകബാങ്ക് സഹായത്തോടുകൂടിയുള്ള കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കും വേങ്ങര, ഊരകം, പറപ്പൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി ജി.പി ജലനിധി പദ്ധതിക്കും ജലം എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത് കല്ലക്കയത്താണ്. ഈ കടവില്‍ ആവശ്യത്തിനു ജലം തടഞ്ഞുനിര്‍ത്താനാവുന്നതു കൊണ്ട് വേനല്‍ മുഴുവനായും കുടിവെള്ളം സംഭരിക്കുന്നതിന് പ്രയാസമുണ്ടാവില്ല. കഴിഞ്ഞ വേനലില്‍ ഏകദേശ പണികള്‍ പൂര്‍ത്തീകരിച്ച ശേഷം നിര്‍ത്തിവെച്ച വാക്കിക്കയം റെഗുലേറ്ററി​െൻറ നിർമാണ പ്രവൃത്തികള്‍ ഈ വേനലോടെ പുനരാരംഭിക്കുകയായിരുന്നു. റെഗുലേറ്ററി​െൻറ ഷട്ടര്‍ ഘടിപ്പിക്കുന്ന ജോലി ഉള്‍പ്പെടെ നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു. പുഴയുടെ അരികുഭിത്തി കെട്ടുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ പദ്ധതി കമീഷന്‍ ചെയ്യാനാവുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലിക്കുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. മാർച്ച് 22 ലോക ജല ദിനത്തോടനുബന്ധിച്ച് കമീഷന്‍ ചെയ്യാവുന്ന രീതിയില്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലക്കയം തടയണ വാക്കിക്കയം റെഗുലേറ്ററിലെ വെള്ളത്തില്‍ മുങ്ങും വേങ്ങര: ചോര്‍ച്ച നില്‍ക്കാത്ത കല്ലക്കയം തടയണ, വാക്കിക്കയം തടയണയില്‍ താങ്ങിനിര്‍ത്തുന്ന ജലത്തില്‍ മുങ്ങിപ്പോവുമെന്ന് നാട്ടുകാര്‍. വാക്കിക്കയം റെഗുലേറ്ററില്‍ ഏഴു കിലോമീറ്ററോളം ദൂരത്തില്‍ ജലം തടഞ്ഞു നിര്‍ത്തുമെന്നിരിക്കെ റെഗുലേറ്ററില്‍നിന്ന് കേവലം അഞ്ചു കിലോമീറ്ററോളം മാത്രമാണ് കല്ലക്കയം തടയണയിലേക്കുള്ള ദൂരം. ഇത് മുന്‍കൂട്ടിക്കണ്ട് ഈ തടയണ ആവശ്യമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും താല്‍പര്യാർഥം തടയണ നിർമാണവുമായി മുന്നോട്ട്‌ പോവുകയായിരുന്നു. എന്നാല്‍, നിർമാണത്തിലെ അപാകതകള്‍ കാരണം ഒരു വർഷം പോലും കല്ലക്കയം തടയണക്ക് കടലുണ്ടിപ്പുഴയില്‍ ജലം തടഞ്ഞുനിര്‍ത്താനുമായില്ല. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് തടയണയുടെ പാര്‍ശ്വഭിത്തി കെട്ടാനെന്ന പേരില്‍ ബജറ്റില്‍ വീണ്ടും ഒന്നരക്കോടി രൂപയോളം സര്‍ക്കാര്‍ വകയിരുത്തിയത്. റെഗുലേറ്ററിലെ ജലത്തില്‍ മുങ്ങിപ്പോവുന്ന ഈ തടയണക്ക് പാർശ്വഭിത്തി കെട്ടാന്‍ ഇനിയും ഒന്നരക്കോടി രൂപ കടലുണ്ടിപ്പുഴയില്‍ ഒഴുക്കുമോയെന്നാണ് നാട്ടുകാരുടെ സംശയം.
Show Full Article
TAGS:LOCAL NEWS 
Next Story