Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​നിലമ്പൂര്‍ നഗരസഭയിലെ...

​നിലമ്പൂര്‍ നഗരസഭയിലെ റിലയന്‍സ് കേബിള്‍ വിവാദം: വിജിലന്‍സ് കോടതി അ​േന്വഷണത്തിന് ഉത്തരവിട്ടു

text_fields
bookmark_border
നിലമ്പൂര്‍: നഗരസഭയില്‍ റിലയന്‍സിന് കേബിള്‍ കുഴിക്കാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. നഗരസഭ മുന്‍ കൗണ്‍സിലറും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായ എം. മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. മാര്‍ച്ച് 12ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിലയന്‍സിന് വഴിവിട്ട സഹായം നല്‍കിയത് സംബന്ധിച്ച് സമാനമായ പരാതി കേരളത്തിലെ വിവിധ നഗരസഭകളില്‍ ഉണ്ടായിരുന്നെങ്കിലും വിജിലന്‍സ് കോടതിയെ സമീപിച്ചത് നിലമ്പൂരിലെ സി.പി.ഐ പ്രാദേശിക നേതൃത്വമാണ്. പത്മിനി ഗോപിനാഥി‍​െൻറ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേല്‍ക്കുന്നതിന് മുമ്പ് 2015ല്‍ റിലയന്‍സ് നല്‍കിയ കത്തില്‍ 2016 മാര്‍ച്ച് മൂന്നിന് നഗരസഭ കൗണ്‍സില്‍ ചേര്‍ന്ന് 750 രൂപ പ്രതിവര്‍ഷം തറവാടകയായും കട്ടിങ് ചാര്‍ജ് പുറമേയും ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാന്‍ ചുമതലപ്പെട്ട നഗരസഭ സെക്രട്ടറിയും ചെയര്‍പേഴ്‌സനും എന്‍ജിനീയറും മറ്റ് ഉദ്യോഗസ്ഥരും ഈ തീരുമാനം റിലയന്‍സ് ഇന്‍ഫോകോമിനു വേണ്ടി അട്ടിമറിച്ചെന്നാണ് ആരോപണം. തറവാടക ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് നഗരസഭ എന്‍ജിനീയറുടെ നേതൃത്വത്തില്‍ തയാറാക്കിയത് ഭരണസമിതിയുടെ അറിവോടെയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. നഗരസഭ ചെയര്‍പേഴ്‌സ‍​െൻറ മുന്‍കൂര്‍ കത്തി‍​െൻറ അടിസ്ഥാനത്തിലാണ് പ്രവൃത്തി നടത്താന്‍ അനുമതി നല്‍കിയത്. എസ്റ്റിമേറ്റ് തയാറാക്കി 68,47,500 രൂപ റിലയന്‍സ് കമ്പനി അടക്കുകയും ചെയ്തു. മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ അത് തൊട്ടടുത്ത യോഗത്തില്‍ കൗണ്‍സിലി‍​െൻറ അംഗീകാരം വേണമെന്നിരിക്കെ നാല് സാധാരണ യോഗങ്ങളും രണ്ട് അടിയന്തര യോഗങ്ങളും ചേര്‍ന്നെങ്കിലും ഈ മുന്‍കൂര്‍ അനുമതി ചര്‍ച്ച ചെയ്ത് റാറ്റിഫിക്കേഷന്‍ വരുത്താത്തതിനാല്‍ തീരുമാനം സ്വമേധയാ ഇല്ലാതാവുമെന്നതാണ് വസ്തുത. തറവാടക ഇനത്തില്‍ വര്‍ഷം തോറും ഒരുകോടി രൂപയോളം നഗരസഭക്ക് നഷ്ടമുണ്ടാക്കുന്നു എന്നതാണ് പരാതി. പ്രവര്‍ത്തനാനുമതി വാങ്ങാതെ റിലയന്‍സ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തതിനെതിരെ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ കൗണ്‍സില്‍ ഐകകണ്േഠ്യന തീരുമാനിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. കൗൺസിൽ തീരുമാനപ്രകാരം വകുപ്പുതല അന്വേഷണത്തിന് കത്തെഴുതാനും തയാറായില്ല. കൗണ്‍സിലര്‍മാരായ പി.എം. ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വകുപ്പു മന്ത്രിക്കും നഗരകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നഗരകാര്യ ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച് നടപടി ശിപാര്‍ശ ചെയ്ത് നഗരകാര്യ ഡയറക്ടര്‍ക്ക് കത്തെഴുതിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആ സാഹചര്യത്തിലാണ് പരാതിക്കാരൻ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story