Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ കത്തും ഫലിച്ചില്ല; അലംഭാവം തുടർന്ന് തമിഴ്നാട്

text_fields
bookmark_border
പാലക്കാട്: പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളം തമിഴ്നാട് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് കത്തെഴുതി ഒരുദിവസം പിന്നിട്ടിട്ടും തമിഴ്നാട് അലംഭാവം തുടരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് ഔദ്യോഗിക മറുപടി ഇതുവരെ നൽകിയിട്ടില്ല. ജനുവരി 19ന് തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാന പ്രകാരം ശനിയാഴ്ച ചെന്നൈയിൽ നടക്കേണ്ട ചർച്ചയും നടന്നില്ല. ചീഫ് സെക്രട്ടറിതലത്തിൽ ചർച്ച ചെയ്ത് കരാർ പുതുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്ക് തമിഴ്നാട് പുല്ലുവില പോലും കൽപിച്ചിട്ടില്ല. ചർച്ചയെ സംബന്ധിച്ച് സംയുക്ത ജല നിയന്ത്രണ ബോർഡിലെ സംസ്ഥാന ഉദ്യോഗസ്ഥർ കത്ത് നൽകിയിരുന്നെങ്കിലും തമിഴ്നാട് മറുപടി നൽകിയില്ല. അതേസമയം, കരാർ ലംഘിച്ച് പറമ്പിക്കുളത്തുനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകൽ തുടരുകയാണ്. ശനിയാഴ്ച വെറും 10 കുസെക് വെള്ളം മാത്രമാണ് ആളിയാർ ഡാമിലേക്ക് നൽകിയത്. കേരളത്തിന് ജലം നൽകുന്ന മണക്കടവ് വിയറും വറ്റി. പറമ്പിക്കുളം ഡാമിൽ മുൻ വർഷത്തേക്കാൾ കൂടുതൽ വെള്ളമുണ്ടായിരിക്കേയാണ് തമിഴ്നാട് കേരളത്തിന് അർഹതപ്പെട്ട വെള്ളം തടഞ്ഞുവെക്കുന്നത്. 13ന് പി.കെ. ബിജു എം.പിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്. തമിഴ്നാട് നിലപാട് മാറ്റിയില്ലെങ്കിൽ പറമ്പിക്കുളം ഡാം ഷട്ടറുകൾ അടക്കുക, കോയമ്പത്തൂരിലേക്ക് കുടിവെള്ളം നൽകുന്ന ശിരുവാണ് ഡാം ഷട്ടറുകൾ അടക്കുക തുടങ്ങിയ കർശന നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. അതിന് മുമ്പ് വീണ്ടും സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെട്ടേക്കും. സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story