Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗദ്ദിക നാടൻകലാമേളയും...

'ഗദ്ദിക' നാടൻകലാമേളയും ഉൽപന്ന പ്രദർശന, വിപണന മേളയും 11 മുതൽ

text_fields
bookmark_border
തിരൂർ: സംസ്ഥാന പട്ടികജാതി-വർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സി‍​െൻറയും സംയുക്താഭിമുഖ്യത്തിലുള്ള നാടൻകലാമേള, ഉൽപന്ന പ്രദർശന-വിപണന മേള 'ഗദ്ദിക' 11 മുതൽ പൊന്നാനിയിൽ നടക്കുമെന്ന് മന്ത്രി കെ. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയാണ് നാലാമത് മേളക്ക് വേദിയാകുന്നത്. അന്യമാകുന്ന ഗോത്രവർഗ പൈതൃകവും തനത് കലകളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. പരമ്പരാഗത തൊഴിൽ-ഭക്ഷ്യ ഉൽപന്നങ്ങൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനും വിപണനത്തിനുമാണ് 10 ദിവസം നീളുന്ന മേള. വൈവിധ്യമാർന്ന കലാപരിപാടികൾ മേളക്ക് മാറ്റേകും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ നാടൻ കലാപരിപാടികൾ അരങ്ങേറും. മുളം ചെണ്ട, ഇരവാല നൃത്തം, എരുത്കളി, കാക്കാരിശ്ശി നാടകം, വട്ടക്കളി, മാവിലരുടെ വംശീയ പാട്ടുകൾ തുടങ്ങിയവ ഇതിലുൾപ്പെടും. കൂടാതെ പളിയ നൃത്തം, ഉറയൻകളി, ഇരുള നൃത്തം, വിഷ്ണുമൂർത്തി തെയ്യം, തിറയാട്ടം തുടങ്ങിയവയും അരങ്ങേറും. മറാട്ട, തോട്ടിയാട്ട, കമ്പക്കളി, ഗദ്ദിക, മലക്കുടിയ നൃത്തം, കുറുമ്പരുടെ പാട്ടുകൾ, കൊറഗ നൃത്തം, മംഗലം കളി, പൂതൻതിറ തുടങ്ങിയ പരിപാടികളും ആസ്വാദകർക്ക് വിരുന്നാകും. ഇവക്കെല്ലാം പുറമെ ഗാനമേള, നൃത്തസന്ധ്യ, ഇശൽനിലാവ്, ഗസൽ സന്ധ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സാംസ്കാരിക സമ്മേളനങ്ങളും നടക്കും. ഫെബ്രുവരി 11ന് രാവിലെ 11ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാലൻ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. കെ.ടി. ജലീൽ മുഖ്യാതിഥിയാകും. 20ന് സമാപന സമ്മേളനത്തിൽ മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.കെ. ബാലൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും പൊന്നാനി നഗരസഭ അധ്യക്ഷനുമായ സി.പി. മുഹമ്മദ്കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആറ്റുണ്ണി തങ്ങൾ, ടി. വിജയൻ, പട്ടിക വികസന വകുപ്പ് അസി. ഡയറക്ടർ എ. സജു എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story