ഒ.ടി.പി നമ്പർ ചോർത്തി പണം തട്ടിപ്പ്; ഝാർഖണ്ഡ് സ്വദേശി അറസ്​റ്റിൽ

06:32 AM
10/08/2018
പാലക്കാട്: ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് ഫോൺ ചെയ്ത് ഒ.ടി.പി ചോർത്തി പണം തട്ടിയ കേസിൽ ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ധൻബാദ് ജില്ലയിലെ ബിരാജ്പൂർ സ്വദേശി മഹാദേവ മഹാതോയെയാണ് (30) ഒ.ടി.പി തട്ടിപ്പ് അന്വേഷിക്കുന്നതിന് രൂപവത്കരിച്ച സ്പെഷൽ ടീം ചെന്നൈയിൽനിന്ന് പിടികൂടിയത്. കൊല്ലം സ്വദേശിനിയായ പാലക്കാട് നഗരത്തിലെ സ്കൂൾ അധ്യാപികയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ജൂൺ ആറിനാണ് എസ്.ബി.ഐ ഹെഡ് ഓഫിസിൽ നിന്നാണെന്ന് പറഞ്ഞ് ഇയാൾ അധ്യാപികയെ വിളിച്ചത്. എ.ടി.എം കാർഡി‍​െൻറ കാലാവധി കഴിയാൻ പോവുകയാണെന്നും പുതുക്കുന്നതിനായി കാർഡി‍​െൻറ രഹസ്യവിവരങ്ങൾ ചോദിക്കുകയുമായിരുന്നു. തുടർന്ന് ഫോണിലേക്ക് വന്ന വൺ ടൈം പാസ്വേർഡ് (ഒ.ടി.പി) ചോദിച്ചറിയുകയും ചെയ്തു. വിവരങ്ങൾ കൈമാറി അൽപസമയത്തിനകം പരാതിക്കാരിയുടെ അക്കൗണ്ടിൽനിന്ന് 25,000 രൂപ പിൻവലിച്ചതായുള്ള സന്ദേശം വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. തുടർന്ന് പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും സമാനരീതിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കുന്നതിന് പാലക്കാട് ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു. പരാതിക്കാരിയുടെ ഫോണിലേക്ക് വന്ന നമ്പറും പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതിനുപിന്നിൽ ഝാർഖണ്ഡ്, ബിഹാർ, ജമ്മു-കശ്മീർ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള വൻ ലോബിയാണെന്ന് കണ്ടെത്തി. ഇവർക്ക് മാവോവാദി-തീവ്രവാദ ബന്ധമുണ്ടോയെന്നത് അന്വേഷിച്ചുവരികയാണ്. ഒരു മാസത്തെ നിരീക്ഷണത്തിലാണ് പ്രതി മഹാതോയെ സൈബർ സെല്ലി‍​െൻറ സഹായത്തോടെ ചെന്നൈയിൽനിന്ന് കസ്റ്റഡിയിലെടുക്കാനായത്. മറ്റ് പ്രതികളെക്കുറിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാറിലേക്ക് ഉടൻ പുറപ്പെടും. പ്രതിയെ കോടതിയിൽ ഹാജരാക്കി. ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത്ത്, മലമ്പുഴ എസ്.ഐ എസ്. ഷമീർ, എസ്.സി.പി.ഒ അമ്പിളി, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി. വിനീത് കുമാർ, ഡി. ഷബീബ് റഹ്മാൻ, പി. വിനു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
Loading...
COMMENTS