Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:11 AM GMT Updated On
date_range 2018-04-30T10:41:50+05:30ഷൊർണൂരിൽ തടയണയുടെ നിർമാണം പൂർത്തിയായി
text_fieldsഷൊർണൂർ: ഭാരതപ്പുഴയിൽ ഷൊർണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ച് നിർമിക്കുന്ന സ്ഥിരം തടയണയുടെ നിർമാണം പൂർത്തിയായി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് തടയണയുടെ നടുഭാഗത്തെ അവശേഷിച്ചിരുന്ന കോൺക്രീറ്റ് പ്രവൃത്തിയും പൂർത്തിയായത്. ഇതോടെ പുഴയുടെ ഇരുകരകളിലുമുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട മുറവിളിക്ക് ശുഭാന്ത്യമായി. ഒമ്പത് വർഷം മുമ്പ് നിർമാണമാരംഭിച്ച സ്ഥിരം തടയണയുടെ പ്രവൃത്തി ഒന്നര വർഷത്തിനകം തന്നെ സ്തംഭനാവസ്ഥയിലായിരുന്നു. സാങ്കേതികത്വത്തിൽ കുരുങ്ങിക്കിടന്ന ഈ പദ്ധതിക്ക് 35 കോടിയുടെ ഷൊർണൂരിലെ സമഗ്ര കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് ശാപമോക്ഷമായത്. 18 മാസം കൊണ്ട് പണി തീർക്കാൻ കരാർ നൽകിയ പ്രവൃത്തിയാണ് ഏവരെയും വിസ്മയിപ്പിച്ച് കേവലം മൂന്നുമാസം കൊണ്ട് പൂർത്തിയായത്. 360 മീറ്റർ നീളത്തിൽ നിർമിച്ച തടയണക്ക് മണൽ നിരപ്പിൽനിന്ന് രണ്ടര മീറ്റർ ഉയരമുണ്ട്. പുഴയിൽ പാറ കാണുന്നത് വരെ താഴ്ത്തി, പാറ തുരന്ന് ഇതിൽ വലിയ കമ്പികൾ കോൺക്രീറ്റ് ചെയ്ത് പിടിപ്പിച്ചാണ് തറ നിർമിച്ചിട്ടുള്ളത്. ഒരു മീറ്റർ വീതിയിലുള്ള 32 ഷട്ടറുകൾ തടയണക്കുണ്ട്. എളുപ്പം ഘടിപ്പിക്കാനും എടുമാറ്റാനും കഴിയുന്ന തരത്തിലുള്ള ഫൈബർ ഷട്ടറുകളാണ് ഉപയോഗിക്കുന്നത്. ഇത് ചെന്നൈയിൽനിന്ന് വരുന്ന വിദഗ്ധ സംഘം മേയ് എട്ടിന് ഘടിപ്പിക്കും. അങ്ങനെയെങ്കിൽ മേയ് 15ന് തടയണയുടെ ഉദ്ഘാടനം നടത്താനാകുമെന്നാണ് നിർമാണ മേൽനോട്ടം വഹിക്കുന്നവർ പറയുന്നത്. ഇനി തടയണയുടെ സംരക്ഷണഭിത്തിയുടെ കുറച്ച് ഭാഗത്തെ നിർമാണം മാത്രമാണ് ശേഷിക്കുന്നത്. ഷൊർണൂർ ഭാഗത്തെ നൂറ് മീറ്റർ നീളത്തിലുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമാണം നേരത്തേ പൂർത്തിയായിരുന്നു. ഇനി 150 മീറ്റർ നീളത്തിലുള്ള കരിങ്കല്ല് കൊണ്ടുള്ള സംരക്ഷണ ഭിത്തി നിർമിക്കാനുണ്ട്. ഇവിടെ പണിയാരംഭിച്ചെങ്കിലും കരിങ്കല്ല് ലഭിക്കാത്തതിനാൽ നിർത്തിവെച്ചിരിക്കുകയാണ്. ചെറുതുരുത്തി ഭാഗത്ത് കുറച്ച് ഭാഗത്ത് മാത്രമേ സംരക്ഷണഭിത്തി നിർമിക്കേണ്ടതുള്ളൂ. ബാക്കി ഭാഗത്ത് മുമ്പ് റിവർ മാനേജ്മെൻറ് ഫണ്ടുപയോഗിച്ച് നിർമിച്ച സംരക്ഷണഭിത്തിയുണ്ട്. അവശേഷിക്കുന്ന പ്രവൃത്തികളെല്ലാം മേയ് പകുതിക്കകം തന്നെ പൂർത്തിയാക്കും. ഷൊർണൂർ നഗരസഭയിലെയും പാലക്കാട്, തൃശൂർ ജില്ലകളിലെ ഏഴ് പഞ്ചായത്ത് പ്രദേശങ്ങളിലെയും ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് തടയണ പൂർത്തിയാകുന്നതോടെ ഉണ്ടാവുക. പുഴയുടെ ഇരുകരകളിലുമുള്ള വിവിധ ക്യഷികൾക്കും തടയണയുടെ പൂർത്തീകരണം ഏറെ ഗുണം ചെയ്യും. ബോട്ടിങ് സൗകര്യമൊരുക്കിയാൽ വിനോദ സഞ്ചാര സാധ്യതയും ഉണ്ടാക്കാനാകും.
Next Story