Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 4:59 AM GMT Updated On
date_range 2018-04-30T10:29:59+05:30ത്രിപുര: ബി.ജെ.പി അക്രമം തുടരുന്നു
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബി.ജെ.പിയിൽനിന്ന് നേരിടുന്ന അക്രമത്തിെൻറ സാഹചര്യത്തിലും ത്രിപുരയിൽ കോൺഗ്രസുമായി ഒരു സഖ്യവും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന നേതൃത്വം. എന്നാൽ, പാർലമെൻറിനുള്ളിൽ എല്ലാ ജനാധിപത്യ മതേതര ശക്തികളുമായി ചേർന്ന് ബി.ജെ.പിയെ സി.പി.എം നേരിടുമെന്നും ഹൈദരാബാദ് പാർട്ടി കോൺഗ്രസ് തീരുമാനം എടുത്തുകഴിഞ്ഞുവെന്നും ത്രിപുര സംസ്ഥാന സെക്രട്ടറി ബിജോൺ ധർ വ്യക്തമാക്കി. ഹൈദരാബാദിൽ ചേർന്ന സി.പി.എമ്മിെൻറ 22ാം പാർട്ടി കോൺഗ്രസിൽ, കോൺഗ്രസ് ബന്ധത്തെ ചൊല്ലി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷങ്ങൾ നേർക്കുനേർ അണിനിരന്നപ്പോൾ ത്രിപുരയിൽനിന്നുള്ള മണിക് സർക്കാറും സംസ്ഥാനഘടകവും യെച്ചൂരിപക്ഷ നിലപാടിനെ പിന്തുണക്കുകയായിരുന്നു. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അന്ത്യഘട്ടത്തിൽ കോൺഗ്രസ് പ്രവർത്തകരോട് ഇടത് വിരോധം മാറ്റിെവച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നാണ് മണിക് സർക്കാർ അഭ്യർഥിച്ചത്. അക്രമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടും പാർട്ടി ഒാഫിസുകൾക്കും പ്രവർത്തകർക്കും എതിരായ അതിക്രമം തുടരുകയാണെന്നും ബിജോൺ ധർ പറഞ്ഞു. മാർച്ച് മൂന്നിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം 438 പാർട്ടി ഒാഫിസുകൾ ആക്രമിച്ചു. ഇതിൽ 93 എണ്ണം തീയിട്ട് നശിപ്പിച്ചു. 230 എണ്ണം കൊള്ളയടിച്ചു. 52 എണ്ണം പൂട്ടിയിട്ടു. 63 എണ്ണം പിടിച്ചെടുത്തു. 1700 ഇടതുപക്ഷ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളും ആക്രമിക്കപ്പെട്ടു. ഏപ്രിൽ 14ന് ഇടതുമുന്നണിയുടെ ഒരു പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കണ്ടപ്പോൾ ക്രമസമാധാനം പാലിക്കാൻ എല്ലാ നടപടിയും എടുക്കുമെന്ന് ഉറപ്പുനൽകിയതാണ്. പക്ഷേ, സ്ഥിതിഗതികളിൽ ഒരു മാറ്റവും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story