Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 4:59 AM GMT Updated On
date_range 2018-04-30T10:29:59+05:30സജീവമായി യൂത്ത് കോൺഗ്രസ്; ഉന്നം സംഘടന തെരഞ്ഞെടുപ്പ്
text_fieldsമലപ്പുറം: സമ്മേളനങ്ങളിലൂടെയും നേതൃ പരിശീലന ക്യാമ്പുകളിലൂടെയും യൂത്ത് കോൺഗ്രസ് ജില്ലയിൽ പൊടുന്നനെ സജീവമായതിന് പിന്നിൽ രാഷ്ട്രീയ പ്രചാരണങ്ങളേക്കാളുപരി സംഘടനപരമായ ലക്ഷ്യങ്ങൾ. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പോ നാമനിർദേശമോ ഉടനെ നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇരു ഗ്രൂപ്പുകളും സജീവമായിരിക്കുന്നത്. 2013ൽ തെരഞ്ഞെടുപ്പിലൂടെ നിലവിൽവന്ന കമ്മിറ്റി അഞ്ച് വർഷം കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ, പരസ്പര ധാരണ പ്രകാരം കണ്ണൂർ, കോഴിക്കോട്, വടകര, വയനാട്, പൊന്നാനി, പാലക്കാട് ലോക്സഭ മണ്ഡലം കമ്മിറ്റികളിലും മിക്ക നിയമസഭ മണ്ഡലങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുമ്പ് നടന്ന രൂപത്തിൽ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടത്തിയാൽ കോൺഗ്രസിൽ പ്രത്യക്ഷമായി ഗ്രൂപ്പിസം പൊട്ടിപ്പുറപ്പെടുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കുമെന്നുമുള്ള വാദമുയർത്തി കെ.പി.സി.സി നേതൃത്വവും എം.പിമാരും ഇതിനെ എതിർക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. ലോക്സഭ മണ്ഡലം കമ്മിറ്റികൾക്ക് പകരം ജില്ല കമ്മിറ്റിയാവും പുതുതായി നിലവിൽ വരിക. ജില്ലയിലെ മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലം കമ്മിറ്റികൾ വിപുലമായ രീതിയിൽ സമ്മേളനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മേയ് പത്തിന് കൊണ്ടോട്ടിയിലും തിരൂരിലും നടക്കുന്ന സമാപന സമ്മേളനങ്ങളിൽ അഖിലേന്ത്യ പ്രസിഡൻറ് അമരീന്ദർ സിങ് രാജ ബ്രാർ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങളുൾപ്പെടുന്ന വയനാട് ലോക്സഭ മണ്ഡലം കമ്മിറ്റിയും കഴിഞ്ഞദിവസം മമ്പാട് നടന്ന ഏകദിന പ്രതിനിധി സമ്മേളനത്തോടെ സജീവമായി. ഇവിടെയും ലോക്സഭ മണ്ഡലം തല സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. മണ്ഡലംതല കൺെവൻഷനുകൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. മേയ് രണ്ടിന് മഞ്ചേരി നിയമസഭ മണ്ഡലംതല സമ്മേളനം നടക്കും. സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് എ ഗ്രൂപ് മുന്നോട്ടുവെക്കുന്നത് ഷാഫി പറമ്പിൽ എം.എൽ.എയുടെ പേരാണ്. നിലവിൽ അഖിലേന്ത്യ സെക്രട്ടറിയായ ഷാഫി അഖിലേന്ത്യ കമ്മിറ്റിയിൽതന്നെ തുടരാൻ തീരുമാനിച്ചാൽ മലപ്പുറം ജില്ലക്കാരായ മുൻ കെ.എസ്.യു പ്രസിഡൻറ് വി.എസ്. ജോയ്, മലപ്പുറം ലോക്സഭ മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മൽ എന്നിവർക്ക് നറുക്ക് വീണേക്കാം. ഷാഫി സംസ്ഥാന പ്രസിഡൻറാവാൻ സന്നദ്ധനായാൽ ഇവർ മൂന്ന് പേരിൽ ഒരാളായിരിക്കും ജില്ല പ്രസിഡൻറ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽനിന്ന് വരിക. ഐ ഗ്രൂപ്പിൽ മുൻ എൻ.എസ്.യു പ്രസിഡൻറുമാരും എം.എൽ.എമാരുമായ ഹൈബി ഈഡൻ, റോജി എം. ജോൺ എന്നിവരുണ്ടെങ്കിലും ഇരുവർക്കും അഖിലേന്ത്യ പ്രസിഡൻറ് സ്ഥാനമാണ് നോട്ടം. മലപ്പുറം ജില്ല പ്രസിഡൻറ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്നുമുള്ള സംസ്ഥാന സെക്രട്ടറി യു.കെ. അഭിലാഷ്, മുൻ കെ.എസ്.യു വൈസ് പ്രസിഡൻറ് എ.എം. രോഹിത് എന്നിവരിലാരെങ്കിലും സ്ഥാനാർഥിയായേക്കാം.
Next Story