ജിദ്ദയില്‍നിന്ന്​ 85 ലക്ഷവുമായി മുങ്ങിയ കേസില്‍ ഒരാള്‍ പിടിയിൽ

05:32 AM
17/04/2018
വണ്ടൂര്‍: ജിദ്ദയില്‍ നിന്ന് വാണിയമ്പലം സ്വദേശിയുടെ 85 ലക്ഷത്തോളം രൂപയുമായി മുങ്ങിയ കേസില്‍ ഒരാള്‍ പിടിയിൽ. മലപ്പുറം കണ്ണമംഗലം കുന്നുംപുറം എക്കാപറമ്പ് സ്വദേശി പട്ടര്‍കടവന്‍ മുഹമ്മദലിയെയാണ് (50) വണ്ടൂർ പൊലീസ് ഇന്‍സ്പെക്ടര്‍ വി. ബാബുരാജ് അറസ്റ്റ് ചെയ്തത്. ഖത്തറിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പിടിയിലായത്. ജിദ്ദയില്‍ ബന്ധുവുമൊത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന വാണിയമ്പലം തച്ചംകോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബാങ്കിലടക്കാനും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കാനുമായി മുഹമ്മദലിയെ ഏല്‍പ്പിച്ച 85 ലക്ഷം രൂപയോളം വരുന്ന 4,95,000 സൗദി റിയാല്‍ സഹായികളുമായി പങ്കിട്ടെടുത്ത് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. മാര്‍ച്ച് 23ന് മുംബൈയിലെത്തിയ മുഹമ്മദലി ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാൻ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മേലാറ്റൂര്‍, കണ്ണമംഗലം സ്വദേശികളായ രണ്ട് കൂട്ടുപ്രതികൾക്കെതിരെ അന്വേഷണമാരംഭിച്ചു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ഐ വി. ബാബുരാജ്, എസ്.ഐ പി. ചന്ദ്രന്‍, എ.എസ്.ഐ കെ. സത്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
COMMENTS