Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:11 AM GMT Updated On
date_range 2018-04-17T10:41:59+05:30ലൈഫ് മിഷൻ: പുതിയ വീടുകളുടെ നിർമാണം 25ന് തുടങ്ങും
text_fieldsമലപ്പുറം: ലൈഫ് മിഷൻ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ വീടുകളുടെ നിർമാണം ഏപ്രിൽ 25ന് ആരംഭിക്കും. 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 14657 ഗുണഭോക്താക്കളാണ് ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിലുള്ളത്. ഇതിൽ 1327 പട്ടിക ജാതിക്കാരും 124 പട്ടികവിഭാഗക്കാരും ഉൾെപ്പടും. നാല് ലക്ഷം രൂപയാണ് ധനസഹായം. ഗുണഭോക്താക്കളുടെ സംഗമങ്ങൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരംഭിച്ചു. ലൈഫ് മിഷൻ പ്രസിദ്ധീകരിച്ച 12 മാതൃക സ്കെച്ചുകളിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് ഭവനങ്ങൾക്ക് ഏകദിന പെർമിറ്റ് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കണം. 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവ വകയിരുത്തിയിട്ടുള്ള 20 ശതമാനം തുകയിൽ നിന്നുള്ള ആനുപാതിക വിഹിതവും ലഭിക്കും. കൂടുതൽ ഗുണഭോക്താക്കളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പോരാതെ വരുന്ന തുക പലിശരഹിത വായ്പയായി ലൈഫ്മിഷൻ നൽകും. ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുകയും നിലവിൽ ഭാഗികമായി നിർമാണം നടത്തിയതുമായ ലൈഫ് ഗുണഭോക്താക്കൾ അത് പൊളിച്ചുനീക്കേണ്ടതില്ല. അവർക്ക് നിബന്ധനകൾക്ക് വിധേയമായി തുക അനുവദിക്കും. റേഷൻ കാർഡ് ഇല്ലാത്തതും ലൈഫ് മാനദണ്ഡ പ്രകാരം അർഹരുമായ ഭൂമിയുള്ള ഭവനരഹിതരായ അഗതികളുടെ പട്ടിക തയാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന കമ്മിറ്റിയുടെ അംഗീകാരത്തോടെ ജില്ല കലക്ടറുടെ അനുമതിക്ക് സമർപ്പിക്കേണ്ടതാണ്. ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താവ് മരണപ്പെട്ടാൽ റേഷൻ കാർഡിൽ ഉൾപ്പെട്ട നിയമപരമായ അവകാശിക്ക് വീട് അനുവദിക്കും. തണ്ണീർതട സംരക്ഷണ നിയമപ്രകാരം ഡാറ്റ ബാങ്കിലുൾപ്പെട്ട് നിലമെന്ന് രേഖപ്പെടുത്തിയ ഭൂമിയിൽ വീട് വെക്കുന്നതിന് അപേക്ഷകളൊന്നിച്ച് പ്രാദേശിക നിരീക്ഷണ സമിതിയുടെ ശിപാർശ പ്രകാരം ജില്ലതല സമിതിയുടെ അംഗീകാരത്തിന് നൽകണം. ജില്ല സമിതിയുടെ ശിപാർശയിൽ കലക്ടർ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Next Story