Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:21 AM GMT Updated On
date_range 2018-04-13T10:51:00+05:30ഒറ്റപ്പാലം
text_fieldsപടക്ക വിപണിയിലേക്ക് സഹകരണ ബാങ്കുകളും : സീസൺ കച്ചവടക്കാർ കൈയടക്കിപ്പോന്ന വിഷുക്കാലത്തെ പടക്ക വിപണിയിലേക്ക് കാലെടുത്തുവെച്ച സഹകരണ സംഘങ്ങൾക്ക് വിൽപനയിൽ മിന്നുന്ന തിളക്കം. മേഖലയിൽ ആദ്യകാലത്ത് സഹകരണ മാർക്കറ്റിങ് സൊസൈറ്റി വിഷുക്കാലത്ത് നടത്തിപോന്നിരുന്ന പടക്ക കച്ചവടം ഒട്ടേറെ സർവിസ് സഹകരണ ബാങ്കുകളും ഇത്തവണ ഏറ്റുപിടിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ലൈസൻസ് എടുത്താണ് കച്ചവടമെന്ന് ബാങ്ക് മേധാവികൾ പറയുന്നു. ഓണം, പെരുന്നാൾ മാർക്കറ്റുകൾ ഒരുക്കാറുണ്ടെങ്കിലും പടക്ക വിൽപനയുമായി അടുത്തകാലം വരെ വിട്ടുനിന്ന സഹകരണ സംഘങ്ങൾ മാറിയ സാഹചര്യത്തിലാണ് പടക്ക കച്ചവടവും ഏറ്റെടുക്കാൻ തയാറായത്. സേവനമെന്ന നിലയിൽ നടത്തുന്ന കച്ചവടത്തിൽ ചെറിയ ലാഭമാണ് പ്രതീക്ഷിക്കുന്നതെന്നും ആളും തരവും നോക്കിയുള്ള കച്ചവടമല്ലാത്തതിനാൽ വിശ്വാസ്യതയുണ്ടെന്നും ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. 100-180 രൂപ നിരക്കിൽ വിൽക്കുന്ന നാടൻ ഓലപ്പടക്കം മുതൽ ആകാശത്ത് വർണക്കാഴ്ച വിതറുന്ന, പെട്ടിക്ക് 550 രൂപ വിലയുള്ള 'മജിസ്റ്റിക് മാനിയ' വരെയുണ്ട് പടക്ക വിൽപന ശാലകളിൽ. ഗ്രാൻഡ് സ്ലാം, മെർക്കുറി സ്റ്റാർ, മെഗാ സ്റ്റാർ തുടങ്ങിയ കൈപ്പിടിയിലൊതുങ്ങുന്ന വിലക്കുള്ള പടക്ക ഇനങ്ങൾ എല്ലാം ചൈനീസ് നിർമിതമാണ്. ശിവകാശിയിൽനിന്നും സംഘങ്ങൾ നേരിട്ടെടുക്കുന്നതാണിവ. 150നും 230നും ഇടയിൽ വിലയുള്ള ഇവക്ക് ആവശ്യക്കാർ ഏറെയാണെന്ന് വിൽപനയുമായി ബന്ധപ്പെട്ടവർ പറയുന്നു. താരതമ്യേന വിലക്കുറവുള്ള കമ്പിത്തിരി, പൂക്കുറ്റി, മാലപ്പടക്കം, ചീനിപ്പടക്കം എല്ലാം വിപണിയിൽ കൂടുതൽ വിറ്റഴിയുന്ന ഇനങ്ങളാണ്. 30 മുതൽ 40 വരെ ഐറ്റങ്ങൾ ഉൾക്കൊണ്ട ബോക്സ് 300-450 രൂപക്കാണ് വിൽക്കുന്നത്. സഹകരണ സംഘങ്ങൾ രംഗത്തുവന്നതോടെ റോഡ് സൈഡ് കേന്ദ്രീകരിച്ചും വ്യാപാര സ്ഥാപനങ്ങളുടെ പരിസരം കേന്ദ്രീകരിച്ചും നടത്തിവരുന്ന അനധികൃത പടക്ക കച്ചവടത്തിന് സാധ്യത കുറഞ്ഞതായി ജനം പറയുന്നു.
Next Story