Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:14 AM GMT Updated On
date_range 2018-04-08T10:44:59+05:30കൊച്ചുമകനോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു; വെട്ടിയത് 54 തവണ
text_fieldsഏറ്റുമാനൂര്‍: ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് അതിദാരുണമായി വെട്ടിക്കൊന്നു. കൊച്ചുമകന് പരിക്കേറ്റു. സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ പേരൂരില്‍ അരയിരം ക്ഷേത്രത്തിനു സമീപം ശനിയാഴ്ച പുലർച്ച ഒന്നിനാണ് സംഭവം. പേരൂര്‍ ഇടയാടിമാലിയില്‍ സിബി കുര്യെൻറ വീട്ടിൽ മകളോടും മരുമകനോടും ഒപ്പം വാടകക്ക് താമസിക്കുന്ന ഇടുക്കി മുരിക്കാശേരി ഒാലിക്കൽ മാത്യു ദേവസ്യയാണ് (പാപ്പച്ചൻ -69) ഭാര്യ മേരിയെ (67) വെട്ടിക്കൊലപ്പെടുത്തിയത്. പരിക്കേറ്റ കൊച്ചുമകൻ റിച്ചാർഡിനെ (10) കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിച്ചാര്‍ഡിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മേരിയെ പാപ്പച്ചൻ വീട്ടിൽ ഉപയോഗിച്ചിരുന്ന പഴയ വെട്ടുകത്തിയുമായി ആക്രമിക്കുകയായിരുന്നു. 54 തവണ വെട്ടി. പിന്നീട് വെട്ടുകത്തിയുടെ പിൻഭാഗംകൊണ്ട് തലക്കടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നൈറ്റ് പട്രോളിങ് പൊലീസ് മേരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നുമണിയോടെ മരിച്ചു. വെട്ടേറ്റ് കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയില്‍ എടുത്ത മാത്യു കുറ്റം സമ്മതിച്ചിട്ടുണ്ട്. മാത്യുവിെൻറ മകൾ ജോയ്സ് മാത്യുവിനോടും ഭർത്താവ് പുതുപ്പള്ളി സ്വദേശി സാജു ജേക്കബിനോടുമൊപ്പം പാപ്പച്ചനും ഭാര്യ മേരിയും താമസം തുടങ്ങിയിട്ട് ആറുമാസമാകുന്നു. ഇവരുടെ കുട്ടികളായ റിച്ചാർഡ്, എേഡ്വഡ് എന്നിവരെ പരിപാലിക്കാനാണ് ഇടുക്കിയില്‍നിന്ന് ഇവര്‍ മകളോടൊപ്പം താമസിക്കാനെത്തിയത്. ഒന്നരമാസം മുമ്പ് പേരൂരിലെ വീട്ടിലേക്ക് മാറി താമസിച്ചു. ഭാര്യ മേരിയെ പാപ്പച്ചന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. നിസ്സാര കാര്യങ്ങൾക്കുപോലും ഇരുവരും വഴക്ക് കൂടുന്നതും പതിവായിരുന്നു. വിദേശത്തായിരുന്ന സാജു ജേക്കബ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മേരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ രാജമുടിയിലേക്ക് കൊണ്ടുപോയി. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.ജെ. തോമസ്, എസ്.ഐ കെ.ആർ. പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
Next Story