Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:16 AM GMT Updated On
date_range 2017-09-23T10:46:14+05:30മാവോവാദി കാളിദാസനെ റിമാൻഡ് ചെയ്തു
text_fieldsപാലക്കാട്: വ്യാഴാഴ്ച അട്ടപ്പാടിയിൽനിന്ന് പിടിയിലായ മാവോവാദി നേതാവ് കാളിദാസൻ എന്ന ശേഖറിനെ പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധിയിൽ അഞ്ചുദിവസം തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. കാളിദാസനിൽനിന്ന് നാടൻ തോക്ക്, മൊബൈൽ ഫോൺ, ടാബ്, സിം കാർഡ് എന്നിവ കണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു. ഇയാൾക്കെതിരെ ആയുധം കൈവശം വെക്കൽ, യു.എ.പി.എയിലെ 20, 38 വകുപ്പുകൾ, രാജ്യവിരുദ്ധ പ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ 28 കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിലെ സാക്ഷികൾക്ക് ഭീഷണിയുള്ളതിനാൽ അവരുടെ വിവരം പുറത്തുവിടരുതെന്ന പൊലീസിെൻറ ആവശ്യവും കോടതി അംഗീകരിച്ചു. പുതൂർ പഞ്ചായത്തിലെ മൂലക്കൊമ്പ് ഊരിൽനിന്നാണ് കാളിദാസനെ പിടികൂടിയതെന്നാണ് ആദ്യം വാർത്ത പ്രചരിച്ചതെങ്കിലും കള്ളക്കറ ഊരിൽനിന്നാണെന്ന് പൊലീസ് വാർത്തകുറിപ്പിറക്കി. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ കാളിദാസ് സി.പി.ഐ (മാവോയിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗമാണ്. അട്ടപ്പാടിയിലെ ശിരുവാണി ദളത്തിലെ കമാൻഡറായി പ്രവർത്തിച്ചിരുന്ന ഇയാൾ ഒന്നര മാസമായി നീലഗിരി കുന്നുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. കേരളത്തിലെ മാവോവാദി പ്രവർത്തനങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ ഇയാളിൽനിന്ന് ലഭിക്കാനുണ്ടെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Next Story