Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:09 AM GMT Updated On
date_range 2017-10-18T10:39:00+05:30ബിവറേജസ് ഒൗട്ട്ലെറ്റിന് തീയിട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ
text_fieldsഎടക്കര: എടക്കര കൗക്കാട് ബിവറേജസ് കോര്‍പറേഷന്‍ വിദേശമദ്യ ചില്ലറ വില്‍പനശാല കത്തിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റിൽ. സ്കൂള്‍ ബസ് ഡ്രൈവർ കൗക്കാട് പള്ളിയാളിത്തൊടിക സുനില്‍കുമാര്‍ എന്ന അമ്പാടി സുനില്‍ (30), മുപ്പിനി പള്ളത്ത് അഭിലാഷ് എന്ന രഞ്ജിത് (28) എന്നിവരാണ് അറസ്റ്റിലായത്. വില്‍പനശാല തുറന്ന ദിവസംതന്നെ ഗ്രാമപഞ്ചായത്തംഗം ബി.ജെ.പിയിലെ വി.പി. രത്നകുമാറിെൻറ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. വില്‍പനശാല മാറ്റാന്‍ സ്ഥലമുടമയുമായി സംസാരിച്ചിരുന്നു. എന്നാല്‍, സ്ഥലമുടമ തയാറായില്ല. തുടര്‍ന്നാണ് രത്നകുമാര്‍ മദ്യശാലക്ക് തീയിടാന്‍ സുനില്‍കുമാറിനെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് പറഞ്ഞു. 14ന് പുലര്‍ച്ചെ രണ്ടരയോടെ സുനില്‍കുമാര്‍ അഭിലാഷിനെയും കൂട്ടി തീയിടുകയായിരുന്നു. പിറ്റേദിവസം സുനില്‍കുമാറിനെ എടക്കര സി.ഐ ഓഫിസില്‍ വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് സി.ഐ പി. അബ്ദുൽ ബഷീര്‍, എടക്കര ജൂനിയര്‍ എസ്.ഐ എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. രത്നകുമാറിെൻറ നിര്‍ദേശപ്രകാരമാണ് തീയിട്ടതെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കി. ഒളിവില്‍ പോയ വി.പി. രത്നകുമാറിനെയും കേസില്‍ പ്രതിയാക്കുമെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. വിദേശമദ്യ വില്‍പനശാല കത്തിച്ചതടക്കം മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൗക്കാട് തെയ്യത്തുംപാടത്ത് മദ്യവില്‍പനശാല തുറന്നത്. ശനിയാഴ്ച പുലര്‍ച്ചെ കത്തിനശിക്കുകയും ചെയ്തു. 35 ലക്ഷത്തിെൻറ നഷ്ടമുണ്ടായെന്നാണ് പരാതി. എഫ്.ഐ.ആറിലെ നഷ്ടത്തിെൻറ അഞ്ചിരട്ടി കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യമനുവദിക്കൂ. മുമ്പ് ചുങ്കത്തറ പള്ളിക്കുത്തില്‍ പൊലീസിനെ ആക്രമിച്ച കേസിലും മുപ്പിനിയില്‍ ബൈബിള്‍ കോളജില്‍ മതംമാറ്റം ആരോപിച്ച് സംഘര്‍ഷമുണ്ടാക്കിയ കേസിലും ഇരുവരും പ്രതികളാണ്. ജില്ല പൊലീസ് മേധാവി ദേബേഷ്കുമാര്‍ െബഹ്റയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ എം. അസൈനാർ, കെ. ഹരിദാസന്‍, സി.പി.ഒമാരായ എൻ.പി. സുനില്‍, കെ. ജാബിര്‍, ബിനോബ്, രാജേഷ്, വിനോദ്, ഇ.ജി. പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story