Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:26 AM GMT Updated On
date_range 2017-07-31T13:56:59+05:30ബൂട്ടണിഞ്ഞത് അറുനൂറോളം കുട്ടിത്താരങ്ങൾ; ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിറഞ്ഞ പങ്കാളിത്തം
text_fieldsകോട്ടക്കൽ: കാൽപന്തുകളിയുടെ തട്ടകമെന്നറിയപ്പെടുന്ന മലപ്പുറത്തിെൻറ പെരുമ വിളിച്ചോതും വിധം ഒന്നിനു പിറകെ ഒന്നായെത്തിയത് അറുനൂറോളം മിടുക്കൻമാർ. കേരള ബ്ലാസ്റ്റേഴ്സിന് കീഴിൽ കോട്ടക്കലിൽ ആരംഭിച്ച ഫുട്ബാൾ പരിശീലന കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാൻ കുട്ടികൾ ഇരച്ചെത്തിയത്. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തായിരുന്നു ക്യാമ്പ്. ജില്ലയിൽ ബ്ലാസ്റ്റേഴ്സിെൻറ കീഴിൽ ആരംഭിച്ച മറ്റു ക്യാമ്പുകളിൽ വന്നതിെൻറ ഇരട്ടിയോളം കുട്ടികളാണ് കോട്ടക്കലിൽ എത്തിയതെന്ന് അധികൃതർ അറിയിച്ചു. ഹർത്താലിനെ പോലും അവഗണിച്ചെത്തി ബൂട്ടണിഞ്ഞവരെ കണ്ട് ബ്ലാസ്റ്റേഴ്സ് അധികൃതർ പോലും അമ്പരന്നു. 10 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയവർക്ക് ജില്ലതലത്തിൽ പ്രത്യേക പരിശീലനം നൽകും. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി പരിശീലനം ഉണ്ടാകുമെന്നും 10, 16 വയസ്സ് വരെയുള്ളവരെ പ്രത്യേക സിലബസ് സംവിധാനം വഴിയാണ് പരിശീലനമെന്നും കോട്ടക്കലിലെ കോഓഡിനേറ്റർ വി.പി. സെയ്തലവി പറഞ്ഞു. കേരള ഫുട്‌ബാൾ അസോസിയേഷൻ, സ്കോർ ലൈൻ സ്പോർട്സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. രേഖകൾ പരിശോധിച്ച ശേഷമാണ് മിടുക്കരെ തെരഞ്ഞെടുത്തത്. ജെ.സി.ഐ കോട്ടക്കൽ യൂനിറ്റിെൻറ സഹകരണത്തോടെ മുൻ കേരള ഫുട്ബാൾ താരം സുബൈർ പറപ്പൂർ, രാജൻ കുമ്മറമ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. നഗരസഭ ചെയർമാൻ കെ.കെ. നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.പി. സെയ്തലവി അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ദീഖ്, മേലെതിൽ അഹമ്മദ്, അജിത്, സുധാകരൻ, റഷീദ് റെഡ് മീഡിയ തുടങ്ങിയവർ സംസാരിച്ചു.
Next Story