Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിഡ്നി വെൽഫെയർ...

കിഡ്നി വെൽഫെയർ സൊസൈറ്റിയുടെ സഹായ വിതരണം മുടങ്ങി; വൃക്കരോഗികൾ മന്ത്രി ജലീലിെൻറ വീട്ടിലെത്തി

text_fields
bookmark_border
വളാഞ്ചേരി: ഒരു മാസത്തോളമായി മുടങ്ങിക്കിടക്കുന്ന ധനസഹായ വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൃക്കരോഗികൾ മന്ത്രിയുടെ വീട്ടിലെത്തി. ജില്ല പഞ്ചായത്ത് കിഡ്നി വെൽഫെയർ സൊസൈറ്റിയിൽനിന്ന് ധനസഹായം ലഭിച്ചിരുന്ന പെരിന്തൽമണ്ണ ഭാഗത്ത് നിന്നുള്ള എഴുപതോളം വൃക്കരോഗികൾ പ്രത്യേക ബസിലും മറ്റു വാഹനങ്ങളിലുമായാണ് മന്ത്രി ഡോ. കെ.ടി. ജലീലി​െൻറ വളാഞ്ചേരി കാവുംപുറത്തുള്ള വീട്ടിലെത്തിയത്. ഫണ്ട് വിതരണത്തിൽ അഴിമതി നടക്കുന്നുവെന്ന് കരുതുന്നില്ലെന്നും ചികിത്സ സഹായം ലഭിക്കാത്തത് വലിയ പ്രയാസമുണ്ടാക്കുന്നതായും ഇവർ മന്ത്രിയെ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് സഹായധനം ലഭിച്ചിരുന്നു. എന്നാൽ, മാസം അവസാനിക്കാറായിട്ടും പലർക്കും സഹായധനം ലഭിക്കാതിരുന്നത് കൊണ്ടാണ് വൃക്കരോഗികൾ ശനിയാഴ്ച രാവിലെ 9.30ഓടെ മന്ത്രിയുടെ വീട്ടിലെത്തിയത്. വൃക്ക മാറ്റിവെച്ചവർക്കും ഡയാലിസിസിന് വിധേയരാകുന്നവർക്കുമാണ് കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി ചികിത്സക്ക് സഹായം അനുവദിക്കുന്നത്. ഇത്തവണ മാസാവസാനമായിട്ടും 15 ശതമാനം രോഗികൾക്ക് മാത്രമാണ് സഹായം ലഭിച്ചത്. സർക്കാർ നൽകിവരുന്ന സഹായധനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയിരുന്ന വിഹിതവും പൊതുജനങ്ങളിൽനിന്ന് സ്വരൂപിക്കുന്ന തുകയും ചേർത്താണ് രോഗികൾക്ക് നൽകിയിരുന്നത്. സർക്കാർ ഉത്തരവ് നൽകാൻ കാലതാമസം വരുത്തിയതാണ് സഹായധനം മുടങ്ങാൻ കാരണമെന്ന് കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഉമ്മർ അറക്കൽ പറഞ്ഞു. സഹായധനം കൈമാറുന്നവരുടെ പേര് വിവരം വെളിപ്പെടുത്തുന്നതും കണക്ക് ബോധ്യപ്പെടുത്തുന്നതും ഉൾപ്പെടെ മന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു മാസക്കാലം നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ സഹായധന വിതരണം പൂർവസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ വൃക്കരോഗികൾ. വൃക്കരോഗികൾ തന്നെ നേരിട്ട് കാണുവാൻ വീട്ടിലെത്തിയെന്നും നിവേദനം നൽകിയെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഒരു തരത്തിലും നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി. രോഗികളെ മന്ത്രിയുടെ വീട്ടിലെത്തിച്ചതിന് പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെല്ലാം പിന്നീട് പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Show Full Article
TAGS:LOCAL NEWS 
Next Story