Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:36 AM GMT Updated On
date_range 2017-07-27T14:06:00+05:30നഗരം നാറുന്നു; നടപടിയുമായി പട്ടാമ്പി നഗരസഭ
text_fieldsപട്ടാമ്പി: നഗരത്തിലെ അഴുക്കുചാലുകൾ നാറുന്നു. കടകളിലും മറ്റു സ്ഥാപനങ്ങളിലുമുള്ളവർ മൂക്ക് പൊത്തിയാണ് ജോലി ചെയ്യുന്നത്. മേലെ പട്ടാമ്പി ജങ്ഷൻ മുതൽ പലയിടത്തും രൂക്ഷമായ ഗന്ധമാണ് അനുഭവപ്പെടുന്നത്. നഗരസഭ ഭരണകർത്താക്കൾക്ക് നിരവധി പരാതികളാണ് നിത്യേന ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലും വിമർശനം രൂക്ഷമാണ്. വൻകിട ഹോട്ടലുകളും ലോഡ്ജുകളും മലിനജലം ഓടയിൽ ഒഴുക്കുന്നതായി പരാതി ഉയർന്നിരുന്നു. ആരോഗ്യവകുപ്പ് പരിശോധന നടത്തി നോട്ടീസ് നൽകിയിട്ടും സ്ഥിതിക്ക് മാറ്റമില്ല. അതിനിടെ, കക്കൂസ്മാലിന്യങ്ങളും അഴുക്കുചാലിൽ ഒഴുക്കിത്തുടങ്ങിയതോടെ നടപടിയുമായി അധികൃതർതന്നെ മുന്നിട്ടിറങ്ങി. ബുധനാഴ്ച നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി, സ്ഥിരംസമിതി അധ്യക്ഷൻ സി.എ. റാസി, കൗൺസിലർ എ.കെ. അക്ബർ എന്നിവരുടെ നേതൃത്വത്തിൽ അഴുക്കുചാൽ പരിശോധന തുടങ്ങി. മേലെ പട്ടാമ്പി-പാലക്കാട് റോഡിൽ അഴുക്കുചാലിലേക്ക് കക്കൂസ്മാലിന്യം തള്ളിയതായി കണ്ടെത്തി. പെരിന്തൽമണ്ണ റോഡിലെ ഹോട്ടലിൽനിന്ന് മലിനജലവും ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടതായി ചെയർമാൻ പറഞ്ഞു. ഹോട്ടൽ മാലിന്യങ്ങളും അഴുക്കുവെള്ളവും ഓടയിലേക്കൊഴുക്കുന്ന സ്ഥാപനത്തിന് വ്യാഴാഴ്ച നോട്ടീസ് നൽകുമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. മേലെ പട്ടാമ്പിയിൽ അഴുക്കുചാലുകളുടെ സ്ലാബ് തുറന്നുള്ള പരിശോധനയും വ്യാഴാഴ്ച തുടങ്ങും.
Next Story