Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:16 AM GMT Updated On
date_range 2017-07-24T13:46:44+05:30കർക്കടക വാവ്: തിരുനാവായയിൽ അരലക്ഷം പേർക്ക് പിതൃതർപ്പണ സായൂജ്യം
text_fieldsതിരുനാവായ: കർക്കടക വാവിന് നാവാമുകുന്ദ ക്ഷേത്രപരിസരത്തെ നിള നദിക്കരയിൽ അര ലക്ഷത്തിലധികം പേർ പിതൃതർപ്പണം നടത്തി. ഈറനുടുത്ത് 16 പിതൃകർമികളുടെ സാന്നിധ്യത്തിൽ പരേതാത്മാക്കളെ മനസ്സിലാവാഹിച്ച് നാക്കിലയിലൊരുക്കിയ ബലിപിണ്ഡം ഗംഗയെന്ന സങ്കൽപത്തിൽ നിളയിൽ സമർപ്പിച്ച് സ്നാനം ചെയ്താണ് ഉറ്റവരും ഉടയവരും സായൂജ്യമടഞ്ഞത്. ബലികർമത്തിനുശേഷം ക്ഷേത്രദർശനവും തിലഹോമം, സായൂജ്യപൂജ, താമരമാല തുടങ്ങിയ വഴിപാടുകളും കഴിഞ്ഞാണ് വിശ്വാസികൾ തിരിച്ചു പോയത്. മഴ മാറി നിന്നതും വാവിനെത്തിയവർക്കെല്ലാം കോയമ്പത്തൂർ ഭക്തസംഘം പ്രാതൽ വിതരണം ചെയ്തതും ആശ്വാസമായി. പുഴയിലെ ശക്തമായ ഒഴുക്കും ജനത്തിരക്കും പരിഗണിച്ച് കടവുകളിലും ക്ഷേത്രപരിസരത്തും പുറത്തും ദേവസ്വം ഒരുക്കിയ സുരക്ഷക്രമീകരണങ്ങൾ കുറ്റമറ്റതും അനുഗ്രഹവുമായി. പൊലീസ്, ഫയർഫോഴ്സ്, തിരൂർ ജില്ല ആശുപത്രിയിലെ മെഡിക്കൽ സംഘം, സുരക്ഷതോണി തൊഴിലാളികൾ, മുങ്ങൽ വിദഗ്ധർ, ദേവസ്വം -സേവാഭാരതി വളൻറിയർമാർ എന്നിവരുടെ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റി. ഭാരതപ്പുഴയിലെ തൃത്താല മുതൽ ചമ്രവട്ടം വരെയും തൂതപ്പുഴയിലെ തിരുവേഗപ്പുറ മുതൽ കരിയന്നൂർ പാലം വരെയും ഇരുകരകളിലുമായി ആയിരങ്ങൾ ബലികർമ്മം നടത്തി. ത്രിമൂർത്തി സംഗമമായ തിരുനാവായയിലായിരുന്നു തിരക്കധികവും.
Next Story