Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:32 AM GMT Updated On
date_range 2017-07-22T14:02:15+05:30കൊട്ടേക്കാട് കാട്ടാന ആക്രമണം: അടിയന്തര പ്രതിരോധ നടപടി സ്വീകരിക്കും -ജില്ല കലക്ടർ
text_fieldsപാലക്കാട്: കൊട്ടേക്കാട് ആറങ്ങോട്ടുക്കുളമ്പിൽ കാട്ടാന ആക്രമണത്തിൽ പ്രദേശവാസിയായ സ്വാമിനാഥൻ മരണപ്പെട്ട സാഹചര്യത്തിൽ കാട്ടാനകളുടെ ജനവാസ കേന്ദ്രത്തിലേക്കുള്ള പ്രവേശനം തടഞ്ഞ് ഭീതിയകറ്റുമെന്ന് ജില്ല കലക്ടർ പി. മേരിക്കുട്ടി. പ്രദേശത്ത് കാട്ടാന ഇറങ്ങാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കാൻ ജില്ല കലക്ടർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പ്രദേശവാസികളുടെയും യോഗത്തിലാണ് ജില്ല കലക്ടർ ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ട സ്വാമിനാഥെൻറ കുടുംബത്തിന് ആദ്യഘട്ടമായി 10,000 രൂപ ധനസഹായം നൽകും. ജൂലൈ 31ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല യോഗത്തിൽ കൂടുതൽ ധനസഹായവും ഭാര്യക്ക് ജോലിയും ആവശ്യപ്പെടും. അടിക്കാട് വെട്ടുക, വൈദ്യുതി വേലി, തെരുവുവിളക്കുകൾ, വനംവകുപ്പിന് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ, കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവ സർക്കാറിനോട് ആവശ്യപ്പെടും. സ്വാമിനാഥെൻറ കുടുംബത്തിന് ഗ്രാമപഞ്ചായത്ത് വീട് നിർമിച്ച് നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഇടപെടലിൽ വീഴ്ച്ച പറ്റിയെന്ന ആരോപണം പരിശോധിക്കുമെന്ന് അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ട് ജി. പൂങ്കുഴലി പറഞ്ഞു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷൈജ, നഗരസഭ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ, മലമ്പുഴ എം.എൽ.എ വി.എസ്. അച്യുതാനന്ദെൻറ പ്രതിനിധികളായ പി.എ. ഗോകുൽദാസ്, എസ്. സുഭാഷ് ചന്ദ്രബോസ്, എ. പ്രഭാകരൻ, ഡി.എഫ്.ഒ സാമുവൽ വി. പച്ചൗ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വി.എസ്. അച്യുതാനന്ദൻ അനുശോചിച്ചു പാലക്കാട്: കൊട്ടേക്കാട് ആറങ്ങോട്ടുക്കുളമ്പിൽ കാട്ടാന ആക്രമണത്തിലുണ്ടായ സ്വാമിനാഥെൻറ മരണത്തിൽ ഭരണ പരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ എം.എൽ.എ അനുശോചിച്ചു. കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം വനംവകുപ്പ് മന്ത്രിയോട് സംസാരിച്ചു. മലമ്പുഴയിലെ വിവിധയിടങ്ങളിലെ കാട്ടാനശല്യം പരിഹരിക്കാൻ ജൂലൈ 31ന് തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും വി.എസ്. അച്യുതാനന്ദൻ അറിയിച്ചു.
Next Story