Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലവർഷം: വൈദ്യുതി...

കാലവർഷം: വൈദ്യുതി ജീവനക്കാർക്കും കേബിൾ ഓപറേറ്റർമാർക്കും വിശ്രമമില്ല നാളുകൾ

text_fields
bookmark_border
വള്ളിക്കുന്ന്: വൈകിയെത്തിയ കാലവർഷം ശക്തിപ്രാപിച്ചതോടെ വൈദ്യുതി ജീവനക്കാർക്കും കേബിൾ ടി.വി ഓപറേറ്റർമാർക്കും ഇനി വിശ്രമമില്ല നാളുകൾ. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയും മറ്റും നിരവധി വൈദ്യുതിത്തൂണുകളാണ് തകർന്നത്. അടുത്തടുത്ത ദിവസങ്ങളിൽ ഒരേസമയം ഒരുപാട് സ്ഥലങ്ങളിൽ അപകടങ്ങളുണ്ടാവുന്നത് ദുരിതം ഇരട്ടിയാക്കുകയാണ്. ഒരു മരം വീണാൽതന്നെ സമീപങ്ങളിലെ രണ്ട് മുതൽ നാല് വരെ വൈദ്യുതിത്തൂണുകളും അത്രയും ദൂരം ലൈനുകളും തകരാറിലാവുന്നു. തകരാർ പരിഹരിക്കാൻ അതിരാവിലെ ഇറങ്ങുന്ന അസി. എൻജിനീയർ, സബ് എൻജിനീയർമാർ, ലൈൻമാന്മാർ, മസ്ദൂർമാർ എന്നിവർ രാത്രി വൈകിയും ജോലി ചെയ്യേണ്ട അവസ്‌ഥയാണ്‌. കനത്ത മഴയെ അവഗണിച്ചാണ് ഇവർ ജോലി ചെയ്യുന്നത്. ഏറെ വൈകി തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് ഓഫിസിലെത്തുമ്പോഴേക്ക് മറ്റെവിടെയെങ്കിലും അപകടമുണ്ടായെന്ന് ഫോൺ സന്ദേശമാവും തേടിയെത്തുക. ഇവിടെ കുതിച്ചെത്തി അപകടമൊഴിവാക്കും വിധം ലൈനുകൾ മാറ്റിവെച്ച് പിറ്റേന്നു രാവിലെയും ഇതേ രീതിയിൽ ജോലി ചെയ്യേണ്ട അവസ്ഥയാണ്. വള്ളിക്കുന്ന് വൈദ്യുതി സെക്ഷനിൽ മാത്രം മൂന്നു തവണയുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണുണ്ടായത്. മരങ്ങൾ വീണ് വൈദ്യുതിത്തൂണുകളും മറ്റും റോഡിലേക്ക് വീണിട്ടും ഇതുവരെ ആളപായമുണ്ടായിട്ടില്ല. വിശ്രമമില്ലാതെ ഒറ്റക്കെട്ടായാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാത്രം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് വൈദ്യുതി വകുപ്പിനുണ്ടായതെന്ന് അസി. എൻജിനീയർ മധുസൂദനൻ നായർ പറഞ്ഞു. ഇതേ അവസ്ഥതന്നെയാണ് കേബിൾ ടി.വി ഓപറേറ്റർമാർക്കും. വൈദ്യുതിത്തൂണുകളിലൂടെയാണ് കേബിൾ ലൈനുകളും കടന്നുപോവുന്നത്. വൈദ്യുതിത്തൂൺ തകരുമ്പോൾ ഫൈബർ കേബിളുകളും തകരാറിലാവുന്നു. പിന്നീട് ഇത് പുനഃസ്ഥാപിക്കുന്നത് ശ്രമകരമായ ജോലിയാണ്. ഒരേസമയം നിരവധി സ്ഥലങ്ങളിൽ കേബിളുകൾ നശിക്കുന്നത് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. പുതിയ വൈദ്യുതിത്തൂണുകൾ സ്ഥാപിച്ച് ലൈനുകൾ വലിച്ച ശേഷം മാത്രമേ കേബിളുകൾ പുനഃസ്ഥാപിക്കാൻ കഴിയു. വരും ദിവസങ്ങളിൽ ഇവരെയും വിശ്രമമില്ലാത്ത രാപകലുകളാണ് കാത്തിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story