Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:17 AM GMT Updated On
date_range 2017-07-18T13:47:59+05:30കണ്ണമംഗലം കുടിവെള്ള പദ്ധതി: വിതരണ പൈപ്പ് ലൈന്‍ പ്രവൃത്തി തുടങ്ങി
text_fieldsവേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ശുദ്ധജലമെത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ അവസാന ഘട്ട പ്രവൃത്തികള്‍ തുടങ്ങി. 2018 ജനുവരിയില്‍ പദ്ധതി കമീഷന് ചെയ്യാവുന്ന തരത്തിലാണ് വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കൽ തുടങ്ങിയത്. എട്ടാം വാര്‍ഡിലെ മഞ്ഞേങ്ങരയിലാണ് വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. പഞ്ചായത്തിലെ മിക്ക റോഡുകളുടെയും അരികിലൂടെ പൈപ്പ് ലൈന്‍ പോവുന്നതിനാൽ അവയെല്ലാം വെട്ടിപ്പൊളിക്കേണ്ടി വരും. പൊട്ടിപ്പൊളിഞ്ഞതിനാൽ ടാര്‍ ചെയ്യാനും പുനര്‍ നിര്‍മാണം നടത്താനും പഞ്ചായത്ത് ഫണ്ട് വകയിരുത്തിയ റോഡുകളാണ് ആദ്യം പൈപ്പ് ലൈന്‍ കൊണ്ട് പോവാനായി കീറുന്നതെന്നും പൈപ്പ് സ്ഥാപിക്കുന്ന മുറക്ക് ഇവയുടെ പുനര്‍നിർമാണം പൂര്‍ത്തിയാക്കുമെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൂക്കുത്ത് മുജീബ് മാധ്യമത്തോട് പറഞ്ഞു. 24 കോടി രൂപ വകയിരുത്തിയ കുടിവെള്ള പദ്ധതി 2016 ഡിസംബറില്‍ കമീഷന് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ പണി പൂർത്തിയാക്കാനായില്ല. കടലുണ്ടിപ്പുഴയില്‍ കല്ലക്കയത്തു നിന്ന് പൈപ്പ് വഴി വേങ്ങര മിനിയില്‍ സ്ഥാപിച്ച ശുദ്ധീകരണ ടാങ്കിലെത്തുന്ന ജലം ശുദ്ധീകരണ ശേഷം ചെരുപ്പടി മലയില്‍ സ്ഥാപിച്ച സംഭരണ ടാങ്കിലെത്തിച്ച് പഞ്ചായത്തിലെ 20 വാര്‍ഡുകളിലും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കുടിവെള്ള വിതരണത്തിനായി മഴക്കാലത്ത് പൊളിക്കുന്ന റോഡുകൾ പൈപ്പ് ലൈന്‍ പ്രവൃത്തി കഴിഞ്ഞാലുടൻ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ ചളിയും മണ്ണും നിറഞ്ഞ് ഗതാഗതം മുടങ്ങുമോ എന്ന ആശങ്ക പൊതുജനങ്ങള്‍ക്കുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തില്‍ ജലനിധി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാൻ കഴിഞ്ഞ വര്‍ഷക്കാലത്ത് പൊളിച്ച റോഡുകള്‍ ഇപ്പോഴും പുനര്‍നിർമാണം നടത്താതെ ശോച്യാവസ്ഥയിലാണ്. ജലനിധി പദ്ധതിക്കായി കീറിയ വേങ്ങര- എയര്‍പോര്‍ട്ട് റോഡ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഗതാഗത യോഗ്യമാക്കിയിട്ടില്ല. കണ്ണമംഗത്തെ ഗ്രാമീണപാതകൾക്ക് കുടിവെള്ള പദ്ധതിയുടെ പേരിൽ ഈ ഗതി വരുത്തരുതെന്ന നിലപാടിലാണ് നാട്ടുകാർ.
Next Story