മാറ്റത്തിന്‍െറ പാതയിലേക്ക് കാല്‍വെപ്പ്

14:23 PM
24/01/2017

മഞ്ചേരി: 11ാം വര്‍ഷത്തിലേക്ക് കടക്കുന്ന മഞ്ചേരി ആകാശവാണി നിലയം പരാതികള്‍ക്ക് വഴിമാറി മാറ്റത്തിന്‍െറ പാതയില്‍. 26ന് റിപ്പബ്ളിക് ദിന സ്മരണകളില്‍ പുതിയ പരിപാടികള്‍ക്ക് തുടക്കമാവും. റിലേ സ്റ്റേഷനായി തുടങ്ങിയ മഞ്ചേരി കേന്ദ്രത്തിന് കുറ്റമറ്റ ആസ്ഥാനവും കെട്ടിടവുമുണ്ട്. വൈകീട്ട് നാലുമുതല്‍ പത്തുവരെയാണ് മഞ്ചേരി നിലയത്തില്‍നിന്ന് പ്രക്ഷേപണമുണ്ടായിരുന്നത്. 26 മുതല്‍ ഇത് രാവിലെ 6.30 മുതലാവും.
2006 ജനുവരി 28നാണ് മഞ്ചേരി കോളജ് കുന്നില്‍ എഫ്.എം നിലയം തുറന്നത്. മുഴുസമയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാവുന്ന രീതിയില്‍ കേന്ദ്രം മാറ്റിയെടുക്കാന്‍ ചെറിയതോതില്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ജനപ്രതിനിധികളുടെയോ സര്‍ക്കാറിന്‍െറയോ പിന്തുണ ലഭിക്കാത്തതിനാല്‍ നീണ്ടുപോയി.
ഓള്‍ ഇന്ത്യ റേഡിയോ സ്റ്റേഷന്‍ പട്ടികയില്‍ ഇപ്പോഴും ലോക്കല്‍ സ്റ്റേഷന്‍ എന്ന നിലക്കാണിത് അറിയപ്പെടുന്നത്.
മഞ്ചേരി സ്റ്റേഷന്‍െറ കൂടെ നിലവില്‍വന്ന തമിഴ്നാട്ടിലെ ധര്‍മപുരി, ആന്ധ്രയിലെ മച്ചര്‍മല തുടങ്ങിയ കേന്ദ്രങ്ങളില്‍ വികസനവും മാറ്റങ്ങളും വന്നു. ആകാശവാണി പുതിയ നിലയങ്ങള്‍ തുടങ്ങുന്നത് അതത് പ്രദേശങ്ങളിലെ പരിപാടികളും വാര്‍ത്തകളും സാംസ്കാരിക, കാര്‍ഷിക വിശേഷങ്ങളും കൂടുതലായി ജനങ്ങളിലേക്കത്തെിക്കാനാണ്.
നിരന്തര പരാതികളും ആവശ്യങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിലവിലുള്ള സൗകര്യങ്ങളും ഉദ്യോഗസ്ഥരെയും പ്രയോജനപ്പെടുത്തി പുതിയ പരിപാടികള്‍ക്ക് തുടക്കമിടുന്നത്.
തുടക്കത്തില്‍ ഉണ്ടായിരുന്നതില്‍വെച്ച് നേരത്തേ പലപ്പോഴായി പുതിയ പരിപാടികള്‍ ആലോചിച്ചിരുന്നുവെങ്കിലും പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിരുന്നില്ല. ഡി. പ്രദീപ് കുമാര്‍ പ്രോഗ്രാം മേധാവിയായി എത്തിയ ശേഷം നടന്ന ശ്രമങ്ങളാണ് പ്രക്ഷേപണ സമയം കൂട്ടാന്‍ ഇടയാക്കിയത്. കേന്ദ്രത്തില്‍നിന്ന് മുഴുവന്‍ സമയം പ്രക്ഷേപണം വേണമെന്ന ആവശ്യവുമായി സന്നദ്ധ പ്രവര്‍ത്തകര്‍ കത്തുകളയച്ചും നിവേദനം നല്‍കിയും ഇടപെട്ടിരുന്നു.
പുതിയ പരിപാടികള്‍ രാവിലെ
6.30 മുതല്‍ 1.20 വരെ
മഞ്ചേരി: ആകാശവാണിയില്‍ പുതിയ പരിപാടികള്‍ 26 മുതല്‍ പ്രക്ഷേപണം തുടങ്ങും. എല്ലാ ഒരു മണിക്കൂറിലും എഫ്.എം വാര്‍ത്തകള്‍ രാവിലെ 6.30ന് പ്രധാന വാര്‍ത്തകളുമായി തുടങ്ങും. മലയാള പത്രങ്ങളിലെ മുഖപ്രസംഗങ്ങളെ ആസ്പദമാക്കി ‘ദൃഷ്ടി’ തുടങ്ങും. തീവണ്ടി സമയം, വൈദ്യുതി മുടക്കം, ഗതാഗത തടസ്സം തുടങ്ങിയ അറിയിപ്പുകള്‍ ഓരോ മണിക്കൂറിലും വരും. കായികാവലോകനവും സാംസ്കാരിക പരിപാടികളിലെ ശബ്ദ രേഖകളുമായി ‘വാചാരധാര’, ബെന്യാമിന്‍െറ ആടുജീവിതം നോവലിന്‍െറ നാടകീയമായ പാരായണം, മലയാളത്തിലെ ക്ളാസിക് കവിതകളുടെ ആലാപനമായ ‘കാവ്യധാര’, എന്തു പഠിക്കണം, എന്താവണം എന്നുള്‍പ്പെടുത്തിയുള്ള ‘എഫ്.എം ശുഭദിനം’ രാവിലെ 6.55 മുതല്‍ എട്ടുവരെയുണ്ടാവും. ആരോഗ്യജാലകം, ആരോഗ്യ വിചാരം, ആരോഗ്യവേദി എന്നിവയാണ് ആരോഗ്യവുമായി ബന്ധപ്പെട്ടവ.
അപൂര്‍വ പാട്ടുകളുമായി ‘മധുരം ഗീതം’, മാപ്പിളപ്പാട്ടുകളും നാടന്‍ പാട്ടുകളുമായി ‘പാട്ടു പൊലിമ’, ഖസലുകളും ഖവാലികളുമായി ‘ഇശല്‍’, തത്സമയ ഫോണ്‍-ഇന്‍ ചലച്ചിത്രഗാന പരിപാടി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വികസന വാര്‍ത്തകളുമായി ‘നാട്ടുവൃത്താന്തം’, വിവിധ ഗാനശാഖകളിലെ പാട്ടുകളുമായി ‘മഴവില്ല്’ തുടങ്ങിയവയാണ് പുതിയ പരിപാടികള്‍. എഫ്.എം പ്രക്ഷേപണ രംഗത്തെ ന്യൂതന സ്റ്റീരിയോ പ്രക്ഷേപണ സാങ്കേതിക സംവിധാനങ്ങളുള്ള 102.7 മഞ്ചേരി നിലയത്തിലെ പരിപാടികള്‍ മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും തമിഴ്നാട്ടിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഉയര്‍ന്ന സ്ഥലങ്ങളിലും ലഭിക്കും.

Loading...
COMMENTS