Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:07 AM GMT Updated On
date_range 2017-08-29T13:37:26+05:30കെ.എസ്.ആർ.ടി.സി വിജിലൻസ് ഇൻസ്പെക്ടറുടെ സർവിസ് ബുക്ക് മുക്കിയത് ഒതുക്കാൻ നീക്കം
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ വിജിലൻസ് വിഭാഗം ഇൻസ്പെക്ടറുടെ സർവിസ് ബുക്ക് നഷ്ടപ്പെട്ട സംഭവം ഒതുക്കിത്തീർക്കാൻ നീക്കം. ഓഫിസ് ജീവനക്കാരുടെ പിഴവ് കണ്ടെത്തി റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥെൻറ സർവിസ് ബുക്ക് 'പൂഴ്ത്തിയത്' പ്രതികാരബുദ്ധിയോടെയാണെന്ന സംശയം ശക്തമാവുന്നതിനിടെയാണ് കാര്യമായ നടപടികളില്ലാതെ വിഷയം അവസാനിപ്പിക്കാൻ മുകളിൽനിന്നുള്ള ഇടപെടലുകൾ. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് വിഭാഗം അന്വേഷണം നടത്തി എക്സിക്യൂട്ടീവ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിജിലൻസ് ഇൻസ്പെക്ടർ എ. എമേഴ്സൻ ഏതാനും മാസം മുമ്പാണ് സ്ഥലംമാറ്റം കിട്ടി മലപ്പുറത്തെത്തിയത്. ഓഫിസിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സർവിസ് ബുക്ക്. ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എസ്റ്റാബ്ലിഷ്മെൻറ് സെക്ഷനിൽ ചെന്നപ്പോഴാണ് ഇത് കാണാതായ വിവരമറിയുന്നത്. ജൂൺ മാസത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അന്വേഷണത്തിനുത്തരവിട്ടത് ആഗസ്റ്റ് 19ന്. എസ്റ്റാബ്ലിഷ്മെൻറ് വിഭാഗം ജീവനക്കാർ ക-ൃത്യനിർവഹണത്തിൽ കാണിച്ച ഗുരുതര വീഴ്ചയാണ് സർവിസ് ബുക്ക് നഷ്ടപ്പെട്ടതിന് പിന്നിൽ. എസ്റ്റാബ്ലിഷ്മെൻറ് സൂപ്രണ്ട്, ക്ലാർക്ക് എന്നിവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട്. യൂനിറ്റിൽ നടപടിയെടുക്കാതെ റിപ്പോർട്ട് തിരുവനന്തപുരത്തേക്ക് അയക്കണമെന്ന് നിർദേശം ലഭിച്ചതിലും ദുരൂഹതയുണ്ട്. മുമ്പ് ടിക്കറ്റ് റാക്ക് കണ്ടക്ടർ ബസിൽ മറന്നുവെച്ച സംഭവമുണ്ടായിരുന്നു. ഒരു മാസത്തോളം കഴിഞ്ഞാണ് ഇത് കണ്ടെത്തുന്നത്. കണ്ടക്ടറുൾപ്പെടെ മൂന്നുപേർക്കെതിരെ നടപടിയും വന്നു. ഇത് അന്വേഷിച്ച വിജിലൻസ് ഇൻസ്പെക്ടറുടെ സർവിസ് ബുക്ക് മുക്കിയത് അദ്ദേഹത്തിെൻറ സ്ഥാനക്കയറ്റം തടയാനും ശമ്പളവും മറ്റു ആനുകൂല്യങ്ങളും വൈകിക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമാണെന്നാണ് സംശയം. ഒരു വർഷം മുമ്പ് ഡിപ്പോയിൽ നിർത്തിയിട്ട എ.സി ലോ ഫ്ലോർ ബസിലെ മോണിറ്റർ മോഷണം പോയത് പൊലീസ് അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല.
Next Story