Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:00 AM GMT Updated On
date_range 2017-08-10T14:30:02+05:30കാട്ടാനപ്പേടിയിൽനിന്ന് താൽക്കാലിക മോചനവുമായി ഒറ്റപ്പാലം
text_fieldsഒറ്റപ്പാലം: മണിക്കൂറുകൾ നീണ്ട കാട്ടാനപ്പേടിയിൽനിന്ന് ഒറ്റപ്പാലം മേഖലക്ക് താൽക്കാലിക മോചനം. ഒറ്റപ്പാലം നഗരസഭയിലെ പാലപ്പുറം, പല്ലാർമംഗലം പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ച പ്രത്യക്ഷപ്പെട്ട മൂന്ന് കാട്ടാനകൾ രാത്രി ഏറെ വൈകുന്നതുവരെയും നാടിനെ മുൾമുനയിൽ നിർത്തിയിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വയനാട് ഇക്കോ െഡവലപ്മെൻറ് കമ്മിറ്റിയിലെ വിദഗ്ധരും വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളും ഉൾപ്പെട്ട സന്നാഹങ്ങൾക്കും പകൽ സമയത്ത് ഇവയെ കാടുകയറ്റാനായിരുന്നില്ല. രാത്രിയോടെ ഇക്കോ ഡെവലപ്മെൻറ് സംഘത്തിെൻറ നേതൃത്വത്തിൽ പന്തംകൊളുത്തിയും പടക്കമെറിഞ്ഞും കാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെ പാമ്പാടിയിലെത്തിയ ശേഷം ആനകളെ കാണാതായതായി പറയുന്നു. തൃശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്ത് എത്തിയതായാണ് വിവരം. അതേസമയം, ആനകൾ കാടുകയറാത്തതിനാൽ പാലക്കാട്, തൃശൂർ ജില്ലയിലെ അതിർത്തിഗ്രാമങ്ങളിൽ ഭീതി തുടരുകയാണ്. വീണ്ടും മടങ്ങിയെത്തുമോയെന്നാണ് ആശങ്ക. കാട്ടാനകളെ കിലോമീറ്ററുകൾ അകലെയുള്ള വനപ്രദേശങ്ങളിലേക്ക് ജനവാസകേന്ദ്രങ്ങളിലൂടെ തുരത്തിക്കൊണ്ടുപോകൽ സുരക്ഷിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒരാഴ്ച മുമ്പ് മാങ്കുറുശ്ശിയിലെത്തിയ കാട്ടാനകൾ തിങ്കളാഴ്ചയാണ് പരുത്തിപ്പുള്ളിയിലെത്തിയത്. അകലൂർ, ലക്കിടി എന്നീ ജനവാസകേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് ചൊവ്വാഴ്ച പുലർച്ച പാലപ്പുറത്ത് എത്തിയത്.
Next Story