Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:47 AM GMT Updated On
date_range 2017-08-08T14:17:59+05:30സാമൂഹിക സുരക്ഷ പെൻഷൻ: കുടിശ്ശിക തീർക്കാൻ തുക അനുവദിച്ചു
text_fieldsമഞ്ചേരി: സാമൂഹിക സുരക്ഷ പെൻഷൻ കുടിശ്ശിക തീർത്ത് നൽകാൻ സർക്കാർ പ്രത്യേക വിഹിതം അനുവദിച്ചു. 2016 ജൂൺ മുതൽ 2017 ഏപ്രിൽ വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പെൻഷൻ വാങ്ങാൻ കഴിയാത്തവർക്ക് വേണ്ടിയാണ് വിഹിതം അനുവദിച്ചത്. 129.96 കോടി രൂപയാണ് അനുവദിച്ചത്. ഇതിന് പുറമെ 2017 മേയ് മുതൽ ആഗസ്റ്റ് വരെ നാല് മാസത്തേക്ക് സാമൂഹിക സുരക്ഷ പെൻഷൻ നൽകാൻ 1952.92 കോടി രൂപയും അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പെൻഷൻ നേരിട്ട് വീടുകളിൽ വിതരണം ചെയ്യാൻ ആവശ്യമായ തുക പിൻവലിച്ച് പഞ്ചായത്ത് ഡയറക്ടർ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. കൂടാതെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ആവശ്യമായ തുക പിൻവലിച്ച് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ നിശ്ചിത അക്കൗണ്ടിലും നിക്ഷേപിക്കും. ഈ തുക പിൻവലിക്കാൻ ഒരുവിധ ട്രഷറി നിയന്ത്രണവും ബാധകമാവില്ലെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിൽ വ്യക്തമാക്കി. സാമൂഹിക സുരക്ഷ പെൻഷൻ 2016 ജൂൺ മുതൽ 1000 രൂപയും 2017 ഏപ്രിൽ മുതൽ 1100 രൂപയുമാണ്. വർധിപ്പിച്ച പെൻഷൻ ഗുണഭോക്താക്കളുടെ താൽപര്യപ്രകാരം ബാങ്ക് അക്കൗണ്ട് വഴിയോ സഹകരണ സംഘങ്ങൾ വഴിയോ വാങ്ങാൻ അവസരം നൽകിയിട്ടുണ്ട്. എന്നാൽ, അക്കൗണ്ട് നമ്പറിലെ പിഴവും താമസസ്ഥലം മാറിയതിലെ അനിശ്ചിതത്വവും കാരണമാണ് 2016 ജൂൺ മുതൽ 2017 ഏപ്രിൽ വരെയുള്ളതിൽ കുടിശ്ശിക വന്നതെന്ന് സർക്കാർ പറയുന്നത്. ഇത്തരം അവ്യക്തതകൾ തീർക്കാൻ ഏതാനും ആഴ്ചകൾ കൊണ്ട് സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, സാമൂഹിക സുരക്ഷ പെൻഷൻ കുടിശ്ശിക വരുത്തിയതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. ഇ. ഷംസുദ്ദീൻ
Next Story