Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:17 AM GMT Updated On
date_range 2017-08-07T13:47:59+05:30കുണ്ട്ലാംപാടത്തുകാർ പതിനാറാം തവണയും താൽക്കാലിക തൂക്കുപാലം നിർമിച്ചു
text_fieldsകാളികാവ്: കുണ്ട്ലാംപാടം നിവാസികൾ പതിനാറാം തവണയും ജനകീയ കൂട്ടായ്മയിൽ താൽക്കാലിക തൂക്കുപാലം നിർമിച്ചു. തുവ്വൂർ, കാളികാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെങ്കോട് തേക്കുംപൊട്ടിയിലാണ് തൂക്കുപാലം നിർമിച്ചത്. ചെങ്കോട് പുഴ എന്നറിയപ്പെടുന്ന കല്ലംപുഴക്ക് കുറുകെ പാലം എന്ന ആവശ്യവുമായി ഒന്നര പതിറ്റാണ്ടിലേറെയായി കുണ്ട്ലാംപാടത്തുകാർ താൽക്കാലിക തൂക്കുപാലം നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്ത്കാർ കാളികാവ് ടൗണിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ആശുപത്രി, സ്കൂളുകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സേവനങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കാനും വരെ കാളികാവാണ് ആശ്രയം. തേക്കുംപൊട്ടിയിൽ പാലം വന്നാൽ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ച് കാളികാവിലെത്താൻ കഴിയും. എന്നാൽ, ഇപ്പോൾ എട്ട് കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിച്ചാണ് കാളികാവിലേക്ക് കുണ്ട്ലാംപാടത്ത്കാർ എത്തിപ്പെടുന്നത്. ഈ വർഷവും കഴിഞ്ഞ വർഷവും തുവ്വൂർ ഗ്രാമപഞ്ചായത്ത് 10,000 രൂപ അനുവദിച്ചത് മാത്രമാണ് നാട്ടുകാർക്ക് ഏക ആശ്വാസം. കഴിഞ്ഞ14 തവണയും നാട്ടുകാരും ക്ലബ് പ്രവർത്തകരും പണം പിരിച്ചെടുത്താണ് തൂക്കുപാലം നിർമിച്ചത്. ഓരോ വർഷവും പതിനയ്യായിരത്തിലധികം രൂപ ചെലവിൽ പാലം നിർമിക്കുന്നത് നാട്ടുകാർക്ക് ബാധ്യതയായിരിക്കുകയാണ്. കുണ്ട്ലാംപാടം, നീലാഞ്ചേരി, പാറക്കടവ്, കൂരിമുണ്ട എന്നീ പ്രദേശത്തുകാരുടെ പാലത്തിനായുള്ള കാത്തിരിപ്പിന് മുന്നിൽ എം.എൽ.എ ഉൾപ്പെടെയുള്ള അധികാരികൾ കണ്ണ് തുറക്കും എന്ന പ്രതീക്ഷയിൽ പതിനാറാം വർഷവും തൂക്കുപാലം നിർമാണത്തിലാണ് പ്രതിഭ ക്ലബിെൻറ നേതൃത്വത്തിൽ ഒരു പറ്റം യുവാക്കൾ. സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും കുണ്ട്ലാംപാടത്ത് കാരുടെ പാലമെന്ന ആവശ്യം യാഥാർഥ്യമായില്ല. സ്ഥിരമായ പാലം എന്ന ആവശ്യവുമായി വീണ്ടും സർക്കാറിനെ സമീപിക്കുമെന്ന് വാർഡ് അംഗം ശിഹാബ് പറഞ്ഞു. പ്രതിഭ ക്ലബ് പ്രവർത്തകരായ ടി. ജിംഷാദ്, കെ. അക്ഷയ്, വി.പി. റഫീഖ്, ഇ. നാസർ, സുബ്രഹ്മണ്യൻ, പി. സുജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story