Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:26 AM GMT Updated On
date_range 2017-08-03T13:56:59+05:30ലൈഫ് പദ്ധതി: തീരാതെ പരാതികൾ
text_fieldsനിലമ്പൂർ: എല്ലാവർക്കും വീടൊരുക്കാനുള്ള സംസ്ഥാന സർക്കാരിെൻറ ലൈഫ് പദ്ധതിക്കെതിരെ വ്യാപക പരാതി ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കിയത്. റേഷൻ മുൻഗണനപട്ടിക പോലെതന്നെ വ്യാപക അപാകതയാണിതിലുമുള്ളത്. അർഹതപ്പെട്ട നിരവധി കുടുംബങ്ങൾ പുറത്തായപ്പോൾ അനർഹരായ പല കുടുംബങ്ങളും കയറിക്കൂടി. നൂറ് കണക്കിന് പേരാണ് പരാതികളുമായി പഞ്ചായത്ത് ഓഫിസുകളിലെത്തുന്നത്. കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളാണ് ഗുണഭോക്തൃ പട്ടിക തയാറാക്കിയത്. പരാതി വ്യാപകമായതോടെ കുടുംബശ്രീയെ പഴിചാരി ബന്ധപ്പെട്ടവർ തടിതപ്പുകയാണ്. എല്ല വീടുകളിലുമെത്തി വിവരശേഖരണം നടത്താനാണ് കുടുംബശ്രീക്ക് നൽകിയ നിർദേശം. വീടൊന്നിന് പത്ത് രൂപയും നൽകിയിരുന്നു. എന്നാൽ, വീടുകളിലെത്താതെയാണ് പട്ടിക തയാറാക്കിയതെന്നാണ് പരാതിയുയരുന്നത്. എന്നാൽ, കൃത്യതയോടെ പട്ടിക തയാറാക്കിയവരുമുണ്ട്. ഇവിടങ്ങളിൽ പരാതി തീരെ കുറവുമാണ്. ഭൂമിയുള്ള ഭവനരഹിതർ, വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാത്തവർ, വാസയോഗ്യമല്ലാത്ത വീടുള്ളവർ, തോട്ടം മേഖലയിലോ പുറമ്പോക്കിലോ തീരദേശ മേഖലയിലോ താൽക്കാലിക വീടുള്ളവർ, ഭൂരഹിതർ, ഭവനരഹിതർ, വിധവകൾ, വിവാഹമോചിതർ, നിത്യരോഗികൾ, നിരാലംബർ തുടങ്ങിയവരാണ് പദ്ധതി ഗുണഭോക്താക്കൾ. ഉൾപ്പെടാത്തവർക്ക് ആശങ്ക വേണ്ട -നിലമ്പൂർ: ലൈഫ് പദ്ധതി പട്ടികയിലുൾപ്പെടാത്ത അർഹരായവർ ആശങ്കപ്പെേടെണ്ടന്ന് പഞ്ചായത്ത് അധ്യക്ഷൻമാർ. കരട് പട്ടിക മാത്രമാണ് പുറത്തിറങ്ങിയത്. അർഹതപ്പെട്ടവരെ ഉൾപ്പെടുത്താൻ ഈ മാസം പത്ത് വരെ പഞ്ചായത്ത് ഓഫിസുകളിൽ അപേക്ഷ സ്വീകരിക്കും. ഈ സമയത്ത് നൽകാൻ കഴിയാത്തവർക്ക് 25 വരെ ജില്ല കലക്ടർക്ക് അപേക്ഷ നൽകാം. പരിശോധന നടത്താൻ പഞ്ചായത്ത് തലങ്ങളിൽ മോണിറ്ററിങ് സമിതികളുണ്ട്. പഞ്ചായത്ത് പ്രസിഡൻറ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പ്രതിപക്ഷ നേതാവ് (അല്ലെങ്കിൽ പ്രതിപക്ഷാംഗങ്ങൾ) തുടങ്ങിയവരാണ് സമിതിയിലുള്ളത്. അന്തിമപട്ടിക തയാറാക്കി ഗ്രാമസഭകളിൽ ചർച്ച ചെയ്ത ശേഷമേ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൂ. ഒരു റേഷൻ കാർഡിൽ ഒരാൾക്ക് മാത്രം വീട് നിലമ്പൂർ: ലൈഫ് പദ്ധതി പ്രകാരം ഒരു റേഷൻ കാർഡിൽ നിന്ന് ഒരാൾക്ക് മാത്രമേ വീടനുവദിക്കൂ. പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേർന്ന പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. അതേസമയം, ഒരു കാർഡിൽ ഒന്നിലധികം കുടുംബങ്ങൾ ഉണ്ടാവുകയും അതിൽ നിത്യരോഗികൾ, വിധവകൾ, വിവാഹമോചിതർ, അഗതികൾ തുടങ്ങിയവരുണ്ടായിരിക്കുകയുമാണെങ്കിൽ അവർക്ക് പുതിയ റേഷൻ കാർഡ് അനുവദിക്കും. ശേഷം അവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പദ്ധതിയിൽ ഉൾപ്പെടുത്താം. റേഷൻ കാർഡില്ലാത്ത അഗതികൾക്കും കാൻസർ, എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങളുള്ളവർക്കും അപേക്ഷ നൽകിയാൽ ഉടൻ റേഷൻ കാർഡ് അനുവദിക്കും. കരട് പട്ടികയിൽ അർഹർ പലരും ഉൾപ്പെട്ടിട്ടില്ലെന്ന് യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാർ പരാതി നൽകി. അർഹരായവരെ ഉൾപ്പെടുത്താൻ സമയം അനുവദിച്ചിട്ടുണ്ടെന്നും കുറ്റമറ്റ അന്തിമപട്ടിക ഗ്രാമസഭകളിലെത്തിക്കാൻ പ്രസിഡൻറുമാരും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
Next Story