Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:26 AM GMT Updated On
date_range 2017-08-03T13:56:59+05:30mc3
text_fieldsജീവിതത്തിെൻറ വര്‍ണ നൂലിഴകൾ ഇവിടെ സംഗമിക്കുന്നു മങ്കട: ജീവിതത്തിെൻറ വിവിധ വര്‍ണങ്ങളിലെ നൂലിഴകള്‍ സംഗമിക്കുകയാണ് മങ്കട പാലിയേറ്റിവ് കെയര്‍ അസോസിയേഷൻ കേന്ദ്രത്തിൽ. വിധി ജീവിതങ്ങള്‍ക്കേല്‍പ്പിച്ച അടയാളങ്ങളും വേദനകളും ഒരു നീറ്റലായി മനസ്സില്‍ കൊണ്ടുനടക്കുമ്പോഴും വൈകല്യങ്ങളെ അതിജീവിച്ച് തൊഴില്‍ ചെയ്തും മറ്റു നിര്‍മാണ പ്രവൃത്തികളിലേര്‍പ്പെട്ടും തങ്ങള്‍ക്കും ജീവിക്കാന്‍ കഴിയുമെന്ന തത്ത്വം പ്രായോഗികമാക്കുകയാണ് പാലിയേറ്റിവ് കെയര്‍ അസോസിയേഷന് കീഴിലെ ഏതാനും പേർ. 2008ല്‍ മങ്കടയില്‍ പ്രവര്‍ത്തനമാരംഭിച്ച പാലിയേറ്റിവ് കെയര്‍ അസോസിയേഷനാണ് വീട്ടകങ്ങളിലെ വിഷാദങ്ങളില്‍ തളച്ചിടപ്പെട്ട ജീവിതങ്ങള്‍ക്ക് പുതിയ വെളിച്ചവും ഊര്‍ജവും പകര്‍ന്നുനല്‍കാന്‍ വേദിയൊരുക്കിയത്. ഇതിെൻറ ഭാഗമായി തുടങ്ങിയ തുന്നല്‍ പരിശീലനത്തില്‍ 16 പേര്‍ ഇപ്പോള്‍ പഠിതാക്കളായെത്തുന്നുണ്ട്. കൈകൊണ്ട് പ്രവര്‍ത്തിക്കാവുന്ന മെഷീന്‍ ഉപയോഗിച്ചാണ് പരിശീലനം നല്‍കുന്നത്. അസോസിയേഷെൻറ ഗുണഭോക്താക്കളായവർക്ക് നേരേത്ത കുടനിര്‍മാണത്തില്‍ പരിശീലനം നല്‍കുകയും വിൽപന ആരംഭിക്കുകയും ചെയ്തിരുന്നു. വീല്‍ചെയർ പാര്‍ട്ടുകള്‍ ക്രമീകരിക്കല്‍, എയര്‍ ബെഡിെൻറ മോട്ടോര്‍ റിപ്പയറിങ്, കലക്ഷന്‍ ബോക്‌സ് നിര്‍മാണം തുടങ്ങിയവയും തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. തുന്നല്‍ പരിശീലനത്തിെൻറ ഉദ്ഘാടനം മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി നിര്‍വഹിച്ചു. സി. അബ്ദുറഹ്മാന്‍, ഉമ്മര്‍ തയ്യില്‍, വീരാന്‍കുട്ടി, പൂഴിക്കുന്നന്‍ അഹമ്മദ് കുട്ടി, വി. ഹാരിസ്, വെര്‍ക്കോട്ടില്‍ അബ്ദു, മജീദ് സ്വലാഹി തുടങ്ങിയവര്‍ സംബന്ധിച്ചു. 2008ല്‍ വാടക കെട്ടിടത്തിലാണ് മങ്കട പാലിയേറ്റിവ് കെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. നിലവിൽ ആഴ്ചയില്‍ അഞ്ച് ദിവസം നഴ്‌സ് സേവനവും ഡോക്ടറുടെ സേവനത്തോടെയുള്ള ഹോം കെയറും തുടങ്ങിയിട്ടുണ്ട്. ഫിസിയോതെറപ്പി, മരുന്ന് വിതരണം, വിദ്യാഭ്യാസ സഹായം, യൂനിഫോം, അരി വിതരണം, വാട്ടര്‍ ബെഡ്, വീല്‍ചെയർ, ഓക്‌സിജന്‍ സിലിണ്ടര്‍, ഡയലൈസര്‍, കിറ്റ് വിതരണം എന്നിവയും നടത്തുന്നു. മങ്കട മന്ദിരം കോമ്പൗണ്ടില്‍ മൂന്ന് നിലകളിലായി 7000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ മാനസികരോഗ ചികിത്സ, കൗണ്‍സലിങ് തുടങ്ങിയ സംരംഭങ്ങളും തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.
Next Story