Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രോളിങ്​ നിരോധനം...

ട്രോളിങ്​ നിരോധനം അവസാനിച്ചു ചാകരക്കോളു പ്രതീക്ഷിച്ച് കടലിെൻറ മക്കൾ

text_fields
bookmark_border
പൊന്നാനി: ഒന്നര മാസം നീണ്ടുനിന്ന പഞ്ഞമാസത്തിന് അറുതി നൽകിയാണ് സംസ്ഥാനത്തെ മത്സ്യബന്ധന യാനങ്ങൾ മനംനിറയെ പ്രതീക്ഷകളുമായി കടലിലേക്കിറങ്ങുന്നത്. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ പൊന്നാനി ഫിഷിങ് ഹാർബറിൽനിന്ന് നൂറോളം ബോട്ടുകളാണ് മത്സ്യബന്ധനത്തിനായി പുറപ്പെടുന്നത്. മിക്ക ബോട്ടുകളും ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയാണ് കടലിലേക്കിറങ്ങുന്നത്. പലരും വായ്പ എടുത്താണ് തുക കണ്ടെത്തിയത്. ട്രോളിങ് നിരോധനത്തിനു ശേഷമുള്ള മാസങ്ങൾ മത്സ്യസമൃദ്ധിയുടേതാകുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങിച്ചും ബോട്ടുകൾ നവീകരിച്ചത്. കഴിഞ്ഞ മത്സ്യബന്ധന സീസൺ മത്സ്യത്തൊഴിലാളികൾക്ക് വലിയ പ്രതീക്ഷകൾ നൽകിയിരുന്നില്ല. വലിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവും മത്സ്യങ്ങൾക്ക് വില ലഭിക്കാത്തതും നഷ്ടങ്ങളാണ് വരുത്തിവെച്ചത്. അഴിമുഖത്തും ആഴക്കടലിലും നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ തൊഴിലാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. പൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടകളും ബോട്ടുകൾക്ക് ഭീഷണിയാവുന്നുണ്ട്. മണൽ നീക്കംചെയ്യണമെന്ന് സർക്കാറിനോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മണൽതിട്ടയിൽ തട്ടി തകരുന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും ലക്ഷങ്ങളുടെ കടബാധ്യതയാണ് വരുത്തിവെക്കുന്നത്. എന്നാൽ, ഇത്തവണ കടലമ്മ കനിഞ്ഞാൽ നല്ലൊരു നാളെയെന്ന സ്വപ്നവും പേറിയാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്കിറങ്ങുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story