Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:38 AM GMT Updated On
date_range 2017-08-01T14:08:58+05:30വെള്ളമില്ല, വൈദ്യുതിയില്ല, നല്ല കെട്ടിടമില്ല: ഓടക്കയം കോളനിക്ക് എന്തിനീ കിൻറർഗാർട്ടൻ?
text_fieldsഊർങ്ങാട്ടിരി: വെള്ളമില്ല, വൈദ്യുതിയില്ല, നല്ല കെട്ടിടമില്ല, സൗകര്യമുള്ള മുറ്റമില്ല, കളിക്കാൻ കളിക്കോപ്പുമില്ല. ആദിവാസി കുരുന്നുകളോടുള്ള അവഗണനയുടെയും വിവേചനത്തിെൻറയും മകുടോദാഹരണമാണ് ഓടക്കയം കോളനിയിലെ കിൻറർഗാർട്ടൻ. സ്ഥാപിതമായി രണ്ട് പതിറ്റാണ്ടിനടുത്തായെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ പേരിന് മാത്രമാണ് ഈ കിൻറർഗാർട്ടൻ. ത്രിതല പഞ്ചായത്തുകളിലും പട്ടികവർഗ വകുപ്പിലും ആദിവാസി വിഭാഗങ്ങൾക്കായി പ്രത്യേകം നീക്കിവെച്ച ലക്ഷക്കണക്കിന് ടി.എസ്.പി ഫണ്ട് ഓരോ വർഷവും ചെലവഴിക്കാതിരിക്കുമ്പോഴാണ് 1996ൽ സ്ഥാപിതമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഈ സ്ഥാപനത്തിെൻറ ദുർഗതി തുടരുന്നത്. തുടങ്ങുമ്പോൾ വാടകക്കെട്ടിടത്തിലായിരുന്ന സ്ഥാപനം 2002ൽ ഐ.ടി.ഡി.പി സ്ഥാപിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും 15 വർഷം മുമ്പുള്ള സ്ഥിതി തന്നെയാണിപ്പോഴും. ചുമരുകൾ പോലും സിമൻറ് തേച്ചിട്ടില്ല. നിലം പരുക്കനായി ഇട്ടിരിക്കുകയാണ്. വെറും 10 കുട്ടികൾ പഠിക്കുന്ന അംഗൻവാടികൾ എ.സി സൗകര്യത്തിൽ വരെ പ്രവർത്തിക്കുന്ന കാലത്താണ് 18 ആദിവാസി കുട്ടികളുള്ള സ്ഥാപനത്തോട് വിവേചനം. അടുപ്പില്ലാത്തതിനാൽ കല്ല് കൂട്ടിയിട്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്. വെള്ളത്തിന് വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വേനൽക്കാലമായാൽ വെള്ളം ദൂരെനിന്ന് ചുമടായി കൊണ്ടുവരണം. കുട്ടികൾക്ക് കളിക്കാൻ അനുയോജ്യമായ മുറ്റമോ ഉപകരണങ്ങളോ ഇവിടെയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അധികാരികൾ കുട്ടികൾക്ക് യൂനിഫോം നൽകിയിട്ടുണ്ട് എന്നതാണ് ഏറെ രസകരം. ഗ്രാമപഞ്ചായത്തും ഐ.ടി.ഡി.പിയും 19 വർഷം പഴക്കമുള്ള ഈ സ്ഥാപനത്തെച്ചൊല്ലി പരസ്പരം പഴിചാരി ഒഴിഞ്ഞു കളിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഊരുകൂട്ടങ്ങളിലും ഗ്രാമസഭകളിലും നിരവധിതവണ വിഷയം ഉയർത്തിയിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. വിവേചനം ഇനിയും തുടർന്നാൽ നിലമ്പൂർ ട്രൈബൽ കാര്യാലയത്തിന് മുന്നിലും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലും അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ആദിവാസി യുവാക്കൾ പറയുന്നു.
Next Story