ഇത്തവണയും നോമ്പ് മുടക്കാതെ വേണുഗോപാൽ

05:04 AM
23/05/2020
കൽപറ്റ: വിശ്വാസികളെന്നപ്പോലെ സഹോദര സമുദായാംഗങ്ങളില്‍ ചിലരും വേദനയോടെയാണ് വ്രതമാസത്തോട് യാത്രപറയുന്നത്. പിണങ്ങോട് മുക്കിലെ വേണുഗോപാല്‍ കിഴിശ്ശേരിക്കും കുടുംബത്തിനും ഇത്തവണയും നോമ്പെടുക്കാനായതിൻെറ സന്തോഷത്തിലാണ്. ലോക്ഡൗണ്‍‍ കാലത്ത് അയല്‍വാസികള്‍ക്കായി നോമ്പുതുറയൊരുക്കാന്‍ അവസരം ലഭിക്കാത്തതിലുള്ള വിഷമം മാത്രമാണ് ഇവർക്ക് പങ്കുവെക്കാനുള്ളത്. വേണു ഗോപാലും കുടുംബവും നിത്യവും ഇഫ്താറൊരുക്കി മഗ്രിബ് ബാങ്കിനായി കാത്തിരിക്കും. സുബ്ഹിക്ക് മുമ്പ് അത്താഴത്തിനായി ഉണര്‍ന്നിരിക്കും. അയല്‍വാസികളുമായി സ്നേഹം പങ്കിട്ട് പലഹാരങ്ങള്‍ കൈമാറും. വില്ലേജ് ഓഫിസറായിരുന്ന വേണുഗോപാല്‍ ചെറുപ്പം മുതലേ നോമ്പെടുക്കുന്നുണ്ട്. ഭാര്യ രമയും മകള്‍ ശ്രീജിതയും കൊച്ചുമകന്‍ സായന്ത് കൃഷ്ണയെന്ന 10 വയസ്സുകാരനും ആദ്യമായാണ് നോമ്പെടുക്കുന്നത്. എന്നാല്‍, ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഇഫ്താര്‍ സംഗമങ്ങളില്ലാതെ പോയതിൻെറ വിഷമവും ഇവർക്കുണ്ട്. ശുദ്ധ വെജിറ്റേറിയന്‍ വിഭവങ്ങളാണ് നോമ്പു തുറക്കാനായി വീട്ടിലൊരുക്കുന്നത്. മധുരപാനീയങ്ങളും പലഹാരങ്ങളുമായി പലതരം വിഭവങ്ങള്‍ അയല്‍ക്കാരുടെ വകയും മുടങ്ങാതെയെത്തും. വിശിഷ്ട വിഭവങ്ങളിവര്‍ അയല്‍വീടുകളിലേക്കും കൈമാറും.
Loading...