ദുബൈയിൽനിന്നെത്തിയ കൽപറ്റ സ്വദേശിനിക്ക് കോവിഡ്

05:04 AM
23/05/2020
കൽപറ്റ: അഞ്ചുദിവസത്തെ ഇടവേളക്കുശേഷം ജില്ലയിൽ വീണ്ടും കോവിഡ്. ദുബൈയിൽനിന്നെത്തിയ കൽപറ്റ സ്വദേശിനിയായ 53കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. 20ന് ഭർത്താവിനോടൊപ്പം അർബുദ ചികിത്സക്കായി പ്രത്യേക വിമാനത്തിലാണ് ഇവർ കേരളത്തിലെത്തിയത്. കൊച്ചിയിൽ വിമാനമിറങ്ങിയ ഇരുവരും വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. ഇവിടെ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില മോശമാണ്. ആശുപത്രിയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ഭർത്താവി‍ൻെറ ആദ്യ പരിശോധന ഫലം നെഗറ്റിവാണ്. ഇവരെ കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സൻെററിലേക്ക് മാറ്റി. ഭർത്താവിനെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 11 പേര്‍ ഉള്‍പ്പെടെ 17 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും ചികിത്സയിലുണ്ട്. വെള്ളിയാഴ്ച 404 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. ജില്ലയില്‍ ആകെ 3450 പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 1397 പേര്‍ കോവിഡ് കെയര്‍ സൻെററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍നിന്നു ഇതുവരെ പരിശോധനക്ക് അയച്ച 1499 സാമ്പിളുകളില്‍ 1282 എണ്ണത്തി‍ൻെറ ഫലം ലഭിച്ചു. ഇതില്‍ 1259 എണ്ണം നെഗറ്റിവാണ്. വെള്ളിയാഴ്ച അയച്ച 37 സാമ്പിളുകളുടെ പരിശോധന ഫലം ഉള്‍പ്പെടെ 210 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. വെള്ളിയാഴ്ച അയച്ച 37 സാമ്പിളുകളില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട നാലുപേരുടെ സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതി‍ൻെറ ഭാഗമായി ജില്ലയില്‍നിന്നു ആകെ 1571 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതില്‍ 1344 എണ്ണത്തി‍ൻെറ ഫലം ലഭിച്ചതില്‍ 1344 ഉം നെഗറ്റിവാണ്. ജില്ല മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 567 പേര്‍ക്ക് കൗണ്‍സലിങ്ങും നല്‍കിയിട്ടുണ്ട്.
Loading...