കക്കയം ഹൈഡൽ ടൂറിസം പ്രവേശന സമയം നീട്ടിയത് സന്ദർശകരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകും

05:01 AM
16/05/2019
ബാലുശ്ശേരി: കക്കയം ഹൈഡൽ ടൂറിസം സൻെററിലേക്കുള്ള സന്ദർശകരുടെ പ്രവേശനം അഞ്ചുമണിക്കുശേഷവും തുടരണമെന്നുള്ള പുതിയ ഉത്തരവ് സന്ദർശകരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകും. സംസ്ഥാന വൈദ്യുതി വകുപ്പിൻെറ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രമായാണ് ഹൈഡൽ ടൂറിസം പദ്ധതി കക്കയം ഡാം സൈറ്റ് പ്രദേശത്ത് ആരംഭിച്ചത്. സൻെററിന് കീഴിൽ ബോട്ടിങ്, ചിൽഡ്രൻസ് പാർക്ക്, കഫ്റ്റീരിയ എന്നിവ പ്രവർത്തിക്കുന്നുണ്ട്‌. സ്പീഡ് ബോട്ടിൽ ഡാമിലൂടെയുള്ള യാത്രക്കാണ് പ്രധാനമായും ഇവിടേക്ക് സന്ദർശകർ എത്തുന്നത്. ഇക്കോ ടൂറിസത്തിൻെറ ഭാഗമായി ഉരക്കുഴി വെള്ളച്ചാട്ടം കാണാനും സന്ദർശകരുടെ തിരക്കാണ്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നത്. അഞ്ചുമണി കഴിഞ്ഞ് വരുന്ന സന്ദർശകർക്കും പ്രവേശനം നൽകണമെന്ന് കാണിച്ച് ഹൈഡൽ ടൂറിസം വിഭാഗം തന്നെയാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്‌. ഇത് സന്ദർശകരുടെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കാനാണ് സാധ്യത. ഡാമിലൂടെ അഞ്ചുമണിക്ക് ശേഷമുള്ള ബോട്ടിങ് കോടമഞ്ഞിനാൽ തടസ്സപ്പെടുക മാത്രമല്ല അപകട ഭീതിയും ഉയർത്തും. കക്കയം ഡാമിൻെറ പരിസരപ്രദേശം വന്യജീവി സങ്കേതം കൂടിയാണ്. സന്ധ്യയാകുന്നതോടെ ആനയും കാട്ടുപോത്തും വഴികളിലൂടെ ഇറങ്ങി സഞ്ചരിക്കുന്നതും പതിവുകാഴ്ചയാണ്. വാഹനത്തിൽ വരുന്ന യാത്രക്കാർക്കും ഇതും ഭീഷണിയാകും. ഉരക്കുഴി ഭാഗത്തേക്കുള്ള വഴിയും മഞ്ഞുമൂടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥയിലാകും. മഴക്കാലമായാൽ കൂടുതൽ അപകട ഭീഷണിയാകാനാണ് സാധ്യത. വനം വകുപ്പ് അറിയാതെയാണ് പുതിയ ഉത്തരവ്. ഡാമിൻെറ പരിസര പ്രദേശം വനം വകുപ്പിൻെറ കീഴിലാണ്. വന്യജീവി സങ്കേതം കൂടിയായതിനാൽ പ്രവേശനത്തിന് കർശന നിയന്ത്രണം തന്നെയുണ്ട്. 40 രൂപയാണ് ഹൈഡൽ ടൂറിസം പ്രവേശന ഫീസ്. ഇക്കോ ടൂറിസം 20 രൂപയും പ്രവേശന ഫീസ് വാങ്ങുന്നുണ്ട്. ജീവനക്കാർ അഞ്ചുമണിക്കുമുമ്പേ ഡാം പ്രദേശത്തുനിന്നും പോകാതിരിക്കാനാണ് പുതിയ ഉത്തരവിറക്കിയിട്ടുള്ളതെന്നാണ് ഹൈഡൽ ടൂറിസം അധികൃതർ പറയുന്നത്.
Loading...