കഷണ്ടിക്കൊക്കുകൾ വീണ്ടും വിരുന്നെത്തി

05:05 AM
06/12/2018
കുറ്റ്യാടി: പ്രളയകാലത്ത് അപ്രത്യക്ഷമായ കഷണ്ടിക്കൊക്കുകൾ വീണ്ടും വിരുന്നെത്തി. പ്രാദേശിക ദേശാടനക്കിളികളായ ഇവ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. നാലഞ്ച് വർഷമായി എല്ലാ കാലാവസ്ഥയിലും കേരളത്തിൽ കണ്ടിരുന്നു. എന്നാൽ, കഴിഞ്ഞ പ്രളയകാലത്ത് അപ്രത്യക്ഷമായി. ഡിസംബർ പിറന്നതോടെ വീണ്ടും ഇവ വിരുന്നുവന്നു. തരിശു പാടങ്ങളിൽ നാടൻ കൊക്കുകൾക്കും നീർക്കാക്കകൾക്കും ഒപ്പം കൂട്ടമായി വന്ന് ഇരതേടുന്ന ഇവ കാണികൾക്ക് കൗതുകമാണ്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇവ മഴക്കാലമാവുന്നതോടെ തിരിച്ചുപോവുക പതിവായിരുന്നു. കേരളത്തിൽ എക്കാലത്തും തീറ്റ സുലഭമായതിനാൽ ഇപ്പോൾ എല്ലാ കാലാവസ്ഥയിലും കാണുന്നുണ്ടെന്ന് പക്ഷി നിരീക്ഷൻ കൂടിയായ ആയഞ്ചേരിയിലെ പ്രശാന്ത് പറഞ്ഞു. പുല്ലുനിറഞ്ഞ വയലുകളിലെ മീൻ, ഞണ്ട്, പാമ്പ്, തവള, ഒച്ച് എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. പാടത്തിനിരികൽ വലിയ വൃക്ഷങ്ങളിലും തെങ്ങുകളിലും നാടൻ കൊക്കുകൾ, നീർകാക്കകൾ എന്നിവക്കൊപ്പമാണ് ചേക്കേറുന്നതും. പ്രജന ലക്ഷണങ്ങൾ കാണിക്കാറുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ ഇവ മുട്ടയിടാൻ കൂടുകെട്ടിയതോ കുഞ്ഞുങ്ങളെ വിരിയിച്ചതായോ കണ്ടെത്തിയതായി റിപ്പോർട്ടില്ലെന്ന് പ്രശാന്ത് പറഞ്ഞു. അത്തരം അവസരം ആവുമ്പോൾ ഇവ സ്വദേശത്തുപോയി മുട്ടിയിട്ട് വിരിയിച്ച് വരികയാണെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. കഴുത്തിലും തലയിലും തൂവലുകൾ ഇല്ലാത്തതിനാലാണ് കഷണ്ടിക്കൊക്ക് എന്ന പേര് ലഭിച്ചത്.
Loading...
COMMENTS