Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 11:34 PM GMT Updated On
date_range 2018-12-02T05:04:00+05:30കൊടിയത്തൂർ -തെയ്യത്തുംകടവ് റോഡ് വീതികൂട്ടൽ അനിശ്ചിതത്വത്തിൽ
text_fieldsകൊടിയത്തൂർ: മഴയായാലും വെയിലായാലും പ്രദേശവാസികൾക്കും കാൽനടക്കാർക്കും കൊടിയത്തൂർ -തെയ്യത്തുംകടവ് റോഡിൽ ദുരിതം തീരുന്നില്ല. ഇടുങ്ങിയതും വളവും തിരിവുമുള്ള റോഡ് വീതികൂട്ടൽ അനിശ്ചിതമായി നീളുന്നു. റോഡിെൻറ വശങ്ങളിൽ ചേനയും ചേമ്പും പൂളയും പൊട്ടിമുളച്ചിട്ടുണ്ട്. മാതൃക അംഗൻവാടിയടക്കം അഞ്ചിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റോഡിലുണ്ട്. ഇടുങ്ങിയ റോഡിലൂടെ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും അപകടം വിതക്കാറുണ്ട്. വീതി കുറവും വളവുകളുമുള്ള റോഡിൽ സൂചന ബോർഡുകൾ ഇല്ലാത്തതും, സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ മതിയായ സ്ഥലമില്ലാത്തതും പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. മണാശ്ശേരി, ചെറുവാടി കവലിട റോഡിെൻറ പുനർനിര്‍മാണത്തിന് ബജറ്റ് പ്രഖ്യാപനം വഴി 35 കോടി അനുവദിച്ചിരുന്നെങ്കിലും മണാശ്ശേരി മുതൽ തെയ്യത്തുംകടവ് വരെ കിഫ്ബിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടമെന്ന നിലയിൽ പുനർ പ്രവൃത്തിയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കൊടിയത്തൂർ മുതൽ ചെറുവാടി വരെ സർക്കാർ വെള്ളപ്പൊക്ക ഫണ്ടിലും ഉൾപ്പെടുത്തി പുനർ പ്രവൃത്തി ചെയ്യാൻ ധാരണയായിട്ടുണ്ട്. എന്നാൽ, തെയ്യത്തുംകടവ് മുതൽ കൊടിയത്തൂർ കോട്ട വരെയുള്ള ഭാഗങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. റോഡ് പ്രവൃത്തി തുടങ്ങണമെങ്കിൽ തെയ്യത്തുംകടവ് മുതൽ ചെറുവാടി വരെ പ്രദേശവാസികൾ സ്ഥലം വിട്ടുതരാൻ താൽപര്യം കാണിക്കണമെന്ന് സ്ഥലം എം.എൽ.എ ജോർജ് എം. തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കൊടിയത്തൂർ കോട്ടുമ്മൽ മുതൽ തെയ്യത്തും കടവ് വരെയുള്ള 700 മീറ്റർ മാത്രമുള്ള ഭാഗം പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് അക്വിസിഷൻ നടപടിയും സർവേയും നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൊടിയത്തൂരിലെ വികസന പ്രവർത്തനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് എം.എൽ.എ ഫേസ്ബുക്കിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
Next Story