Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2018 5:03 AM GMT Updated On
date_range 2018-11-24T10:33:22+05:3015 വർഷം മുമ്പ് ഉപേക്ഷിച്ച ആശുപത്രി കിണർ വീണ്ടും ഉപയോഗത്തിൽ
text_fieldsകുറ്റ്യാടി: മലിനീകരണത്തെ തുടർന്ന് 15 കൊല്ലം മുമ്പ് ഉപേക്ഷിച്ച കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ കിണർ ശുചീകരിച്ച് വീണ്ടും ഉപയോഗം തുടങ്ങി. ഓവുവെള്ളം, കക്കൂസ് മാലിന്യം എന്നിവ കലരുന്നതായി കണ്ടെത്തിയതിനാലാണ് ആശുപത്രി മുറ്റത്തെ കിണർ ഉപേക്ഷിക്കേണ്ടിവന്നത്. ജലസേചന വകുപ്പിെൻറ സ്ഥലത്ത് ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന കിണർ വലുപ്പം കൂട്ടുകയായിരുന്നു. മലിനമായ കിണർ മോട്ടോർ വെച്ച് വറ്റിക്കാൻ സാധിക്കാതെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് നികത്താൻ തീരുമാനിച്ചെങ്കിലും എതിർപ്പ് കാരണം അതും ഒഴിവാക്കി. ഉപയോഗിക്കാതെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരുമെന്ന ആരോഗ്യ വിഭാഗത്തിെൻറ കണ്ടെത്തലിനെ തുടർന്ന് കിണറിൽ ഗപ്പി വളർത്താൻ തുടങ്ങി. ആവശ്യക്കാർ കിണറ്റിൽനിന്ന് ഗപ്പിയെ പിടിച്ചുകൊണ്ടുപോകാറുണ്ടായിരുന്നു. കിണർ ഇല്ലാതായതോടെ ആശുപത്രിയിൽ ജലക്ഷാമം രൂക്ഷമായി. സമീപത്തെ വീട്ടുകിണറിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും കൊണ്ടാണ് ആവശ്യങ്ങൾ നിർവഹിച്ചത്. പിന്നീട് പഞ്ചായത്ത് സ്ഥലത്ത് പുതിയ കിണർ കുഴിച്ചും വെള്ളം എടുത്തു. പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റതോടെ ആശുപത്രിയിലെ മലിനജല ചോർച്ച പരിഹരിക്കാൻ പദ്ധതി നടപ്പാക്കി. കിണറിന് സമീപം സംസ്ഥാന പാതയിലെ ഓവുചാലുകൾ പി.ഡബ്ല്യൂ.ഡി. കോൺക്രീറ്റ് ചെയ്ത് ചോർച്ച നിർത്തി. കൂടാതെ പരിസരത്തെ ഒരു കെട്ടിടത്തിൽ താമസം നിർത്തുകയും കക്കൂസുകൾ ഒഴിവാക്കുകയും ചെയ്തു. തുടർന്ന് കിണർ വെള്ളം വറ്റിച്ച് ശുചീകരിച്ച് ഉപയോഗം തുടങ്ങുകയാണുണ്ടായതെന്ന് ബ്ലോക്ക് പ്രസിഡൻറ് കെ. സജിത്ത് പറഞ്ഞു. ഇപ്പോൾ ആശുപത്രിയിൽ കുടിക്കാൻ ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഈ കിണറിലെ വെള്ളവും കുടിവെള്ളത്തിന് ഗ്രാമപഞ്ചായത്ത് സ്ഥലത്ത് നിർമിച്ച കിണറിലെ വെള്ളവുമാണ് എടുക്കുന്നതെന്നും പറഞ്ഞു.
Next Story