Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:10 AM GMT Updated On
date_range 2018-10-06T11:40:54+05:30കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസം: ആശ്വാസമായി യു.ജി.സി തീരുമാനം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഏഴ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അംഗീകാരം പുനഃസ്ഥാപിക്കാനുള്ള യൂനിവേഴ്‌സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) തീരുമാനം ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുമെന്ന ഉറപ്പും വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ തിരുത്തൽ നടപടികളുമാണ് കാലിക്കറ്റിന് നഷ്ടമായ മുഴുവൻ കോഴ്സുകളും തിരിച്ചുകിട്ടാൻ സഹായമായത്. നിലവിലുണ്ടായിരുന്ന 19 കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഈ മാസം 20 വരെ നീട്ടിയ ദിനം തന്നെയാണ് യു.ജി.സിയുടെ സമ്മാനം. നിരവധി വിദ്യാർഥികൾ ആശ്രയിക്കുന്ന എം.എ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സംസ്കൃതം, എം.കോം, ബി.എസ്എസി മാത്സ്, എം.എസ്സി മാത്സ് എന്നീ വിഷയങ്ങളിലെ കോഴ്സുകൾക്കാണ് അംഗീകാരം തിരിച്ചുകിട്ടിയത്. മതിയായ അധ്യാപകരെ നിയമിച്ചില്ലെന്ന പ്രധാന ന്യൂനത പരിഹരിക്കാൻ സിൻഡിക്കേറ്റ് നടപടി തുടങ്ങിട്ടുണ്ട്. ഏഴ് കോഴ്സുകൾക്ക് 14 അധ്യാപകർ വേണം. മതിയായ യോഗ്യതയുള്ള പുതുമുഖങ്ങളെയാകും ഈ തസ്തികയിലേക്ക് പരിഗണിക്കുക. എം.കോം അടക്കമുള്ള കോഴ്സുകളുടെ അംഗീകാരം യു.ജി.സി റദ്ദാക്കിയിരുന്നെങ്കിലും നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ കോഴ്സുകൾ തുടങ്ങാൻ തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. പഠനകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചതിനാൽ വിദ്യാർഥികൾക്ക് ഇത്തവണ കൂടുതൽ സൗകര്യങ്ങളുമുണ്ടാവും. കേരള സർവകലാശാലക്ക് എം.ബി.എ കോഴ്സ് മാത്രമാണ് യു.ജി.സി നേരത്തേ റദ്ദാക്കിയശേഷം തിരിച്ചുനൽകിയത്. എന്നാൽ, കണ്ണൂർ സർവകലാശാലക്ക് ഒരു കോഴ്‌സ് പോലും തിരിച്ചുനൽകിയില്ല.
Next Story